ഇടതിന്റെ ഉരുക്കു കോട്ടയിൽ വിള്ളലുണ്ടാക്കാൻ യു.ഡി.എഫ്
ചെർപ്പുളശേരി: പഞ്ചായത്ത് രൂപീകരിച്ചത് മുതൽ എല്ലാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ കൂടെ ഉറച്ച് നിന്ന ചരിത്രമാണ് ചളവറ പഞ്ചായത്തിനുളളത്. ഇത്തവണ പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 15 വാർഡിൽ 12 എണ്ണത്തിലും ജയിച്ചാണ് എൽ.ഡി.എഫ് ഭരണം നിലനിറുത്തിയത്. കോൺഗ്രസ് രണ്ട് വാർഡും മുസ്ലിം ലീഗ് ഒരു വാർഡും ജയിച്ചപ്പോൾ ബി.ജെ.പിക്ക് ഒരിടത്തും ജയിക്കാനായില്ല. കഴിഞ്ഞ തവണ മുന്നണിയിലെ ഐക്യമില്ലായ്മയാണ് യു.ഡി.എഫിന് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിം ലീഗും വെവ്വേറെയാണ് മത്സരിച്ചത്. ഇത് മുന്നണി സംവിധാനം ഇല്ലാതാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിയാവുകയും ചെയ്തു. തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് പ്രശ്നം പരിഹരിച്ചത്. വിഭജനത്തെ തുടർന്ന് ഇത്തവണ പഞ്ചായത്തിൽ രണ്ട് വാർഡ് കൂടി ആകെ വാർഡുകളുടെ എണ്ണം 17 ആയി.
വർഷങ്ങളായി ഇടതുപക്ഷത്തെ മാത്രം പിന്തുണയ്ക്കുന്ന ചളവറയിൽ ഇക്കുറി കാറ്റ് മാറി വീശുമോയെന്നാണ് രാഷ്ടീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നു വ്യത്യസ്തമായി ഇത്തവണ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചളവറയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ്12 വാർഡിലും മുസ്ലിം ലീഗ് 5 വാർഡിലും മത്സരിക്കും. എൽ.ഡി.എഫിൽ സി.പി.എം16 സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ എ.കെ.കുമാരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നതാണ് ചളവറയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. ജില്ലയിൽ നെൽക്കൃഷിയിൽ മുൻപന്തിയിലുളള പഞ്ചായത്താണ് ചളവറ. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി എന്നാണ് നിലവിലെ ഭരണ സമിതി അവകാശപ്പെടുന്നത്. ഉഴവ് കൂലി നൽകിയതുൾപ്പെടെ കർഷകരെ പഞ്ചായത്ത് ചേർത്തുപിടിച്ചു. എന്നാൽ കെടുകാര്യസ്ഥതയും, പദ്ധതികൾ നടപ്പാക്കുന്നതിലെ മെല്ലപ്പോക്കും മാത്രമാണ് ഭരണ നേട്ടമെന്നും ചളവറ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ മുഴുവൻ തകർന്ന് കിടക്കുകയാണെന്നും ആരോപിച്ചാണ് യു.ഡി.എഫ് പ്രചാരണം നടത്തുന്നത്. 2015ൽ ഒരു സീറ്റ് നേടിയ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് പാർട്ടി.