ആന്ധ്രയിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം

Friday 28 November 2025 12:42 AM IST

തിരുവനന്തപുരം: ദേശീയതലത്തിലെയും സംസ്ഥാനത്തെയും പ്രമുഖ കോൺഗ്രസ് നേതാക്കളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അന്തരിച്ച കല്ലറ സരസമ്മ. ആന്ധ്രാപ്രദേശിൽ താമസിക്കുന്ന കാലത്ത് കോൺഗ്രസിൽ എത്തി പ്രവർത്തനം തുടങ്ങിയ അവർ പിന്നീട് കേരളത്തിൽ വന്നശേഷവും ഏറെക്കാലം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു.

ആറ്റിങ്ങലിലെ സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. ഭർത്താവ് കുഞ്ഞൻ നായർ ആന്ധ്ര സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും പ്രധാനമന്ത്രിയുമായിരുന്ന പി.വി.നരസിംഹറാവുവിന്റെ പ്രേരണയിലാണ് കോൺഗ്രസിലെത്തിയത്. കേരളത്തിലേക്ക് മടങ്ങിയശേഷം കെ.കരുണാകരൻ, ലീലാ ദാമോദര മേനോൻ, ദേവകീകൃഷ്ണൻ എന്നിവരുടെ പാതയിൽ രാഷ്ട്രീയപ്രവർത്തനം തുടർന്നു.

എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി, തിരുവനന്തപുരം ഡി.സി.സി അംഗം,

മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പങ്കാളിയായി. തമിഴ്നാട്ടിൽ എം.ജി. രാമചന്ദ്രൻ, കരുണാനിധി, കറുപ്പയ്യാ മൂപ്പനാർ എന്നിവരുമായും മുതിർന്ന ചലച്ചിത്ര പ്രവർത്തകരുമായും സൗഹൃദം പുലർത്തിയിരുന്നു.

പലവിധ പ്രതിസന്ധികൾക്കിടയിലും മക്കളായ അംബികയെയും രാധയെയും സിനിമയിലേക്ക് നയിച്ചത് സരസമ്മയായിരുന്നു. തെന്നിന്ത്യയിലെ ആദ്യത്തെ സ്ഥിരം സെറ്റായിരുന്ന ചെന്നൈയിലെ എ.ആർ.എസ് സ്റ്റുഡിയോ, എ.ആർ.എസ് പ്രൊഡക്ഷൻസ് എന്നിവയുടെ അമരക്കാരിയായിരുന്നു. സ്വന്തം നാടായ കല്ലറയിൽ എ.ആർ.എസ് തിയേറ്റർ, എ.ആർ.എസ് കല്യാണമണ്ഡപം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

'സ്വർണം പണയം

വച്ച് സഹായിച്ചു'

കെ.എസ്.യു പ്രവർത്തകരോട് കല്ലറ സരസമ്മ കാട്ടിയിരുന്ന മനുഷ്യത്വപരമായ പെരുമാറ്റം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ഓർക്കുന്നു. കെ.എസ്.യുവിന്റെ ക്യാമ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട പല സന്ദർഭങ്ങളിലും തന്റെ സ്വർണം പണയംവച്ചും മറ്റും അവർ സഹായിച്ചിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തോട് ഏറെ വൈകാരികമായ അടുപ്പം എക്കാലവും അവർ കാത്തുസൂക്ഷിച്ചിരുന്നു.