നെല്ല് സംഭരണം: മില്ലുടമകളുടെ നിലപാടിൽ പ്രതിഷേധം ശക്തം

Friday 28 November 2025 1:44 AM IST

ചിറ്റൂർ: ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷവും നെല്ല് സംഭരിക്കാൻ കൂട്ടാക്കാതെ മില്ലുടമകൾ. ഇതേ തുടർന്ന് ടൺ കണക്കിന് നെല്ലാണ് നല്ലേപ്പിള്ളിയിൽ കെട്ടിക്കിടക്കുന്നത്. സംഭരണത്തിനുള്ള മഞ്ഞ രസീത് എഴുതി കൊടുത്തിട്ട് 12 ദിവസമായിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകളുടെ ഏജന്റുമാർ കൂട്ടാക്കുന്നില്ല എന്നതാണ് കർഷകരുടെ പ്രതിഷേധത്തിന് കാരണമായത്. നല്ലേപ്പിള്ളി നരിചിറ പാടശേഖരത്തിലെ സി.കൃഷ്ണൻ, നാരായണൻ, ഉഷ, സുമിത് എന്നിവരുടെ 78 ചാക്ക് നെല്ലാണ് മില്ലുടമകളുടെ അനാസ്ഥ മൂലംകെട്ടി കിടക്കുന്നത്. ഗ്രാമീണ റോഡുകളിൽ ചെറിയ വാഹനം മാത്രം പോകുന്ന സ്ഥലത്ത് വലിയ വാഹനത്തിന് പോയി നെല്ല് എടുക്കാൻ സാധിക്കില്ല, ചെറിയ വണ്ടികൾ ലഭ്യമല്ല തുടങ്ങിയവയാണ് ഏജൻ്റുമാർ കാരണമായി പറയുന്നത്. ഇക്കാര്യം കർഷകരും പാടശേഖ സമിതി സെക്രട്ടറി വി.രാജനും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ലഭിച്ച മറ്റുപടി നെല്ല് എടുക്കാൻ ഇനിയും ആഴ്ചകൾ കഴിയും എന്നതാണ്. ഇതു കർഷരോട് കാണിക്കുന്ന ക്രൂരതയാണ്. ചെറുകിട നാമമാത്ര കർഷകർ കൃഷിയിറക്കാനും മറ്റും സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ മില്ലുടമകളുടെ നിരുത്തരവാദിത്തപരമായ നിലപാടിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നെല്ല് എടുത്തു കൊണ്ട് പോയ മില്ലുടമകൾ പി.ആർ.എസ് കൊടുക്കാത്ത അവസ്ഥയുമുണ്ട്. ചെറിയ വാഹനം ലഭിക്കാത്തതു കാരണം ഒരു ചാക്ക് നെല്ലിന് 25 രൂപ ചുമട്ട് കൂലിയും ചെറിയ വാഹനങ്ങളുടെ വാടകയും കൊടുക്കണം. വലിയ വാഹനത്തിൽ വീണ്ടും കയറ്റാൻ മറ്റൊരു കയറ്റു കൂലി വേറെയും കൊടുക്കേണ്ട ഗതികേടിലാണ് കർഷകരെന്ന് വി.രാജൻ പറഞ്ഞു.