കെ.എസ്.ആർ.ടി.സിയുടെ തലവിധി ; പ്രതിസന്ധിയിൽ സർക്കാരും പ്രതി

Sunday 06 October 2019 11:30 PM IST
ksrtc

തിരുവനന്തപുരം: പ്രതിദിനമെന്നോണം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ദുരവസ്ഥയ്‌ക്കു പിന്നിൽ സർക്കാരിന്റെ അലംഭാവവും. ഇപ്പോഴത്തെ ഡ്രൈവർ ക്ഷാമം കാരണമുള്ള പ്രതിസന്ധി പെട്ടെന്ന് രൂപപ്പെട്ടതല്ല. ഹൈക്കോടതി നേരത്തെ പലവട്ടം മുന്നറിയിപ്പ് നൽകുകയും, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തിട്ടും പ്രശ്നത്തിന് സ്ഥിരപരിഹാരം കാണാൻ സർക്കാർ തയ്യാറാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാലാവധി കഴിഞ്ഞ ബസുകൾക്ക് പെർമിറ്റ് നീട്ടിനൽകി, പഴഞ്ചൻ ബസുകൾ ഓടിച്ചത് പരോക്ഷമായി സ്വകാര്യ ബസുകൾക്ക് അനുഗ്രമായെന്നാണ് റിപ്പോർട്ട്. സൂപ്പർക്ളാസ് സർവീസ് നടത്തുന്ന ബസുകളുടെ കാലാവധി അഞ്ചു വർഷമാണ്. ഈ സമയപരിധി അവസാനിച്ചിട്ട് രണ്ടു വർഷമായി. ഇത്തരം ബസുകൾ ഒാർഡിനറി സർവീസിന് ഉപയോഗിക്കുകയും, പതിനഞ്ചു വർഷമാകുമ്പോൾ കണ്ടംചെയ്തു വിൽക്കുകയുമായിരുന്നു പതിവ്. പണമില്ലെന്ന കാരണം പറഞ്ഞ്, സർക്കാർ എല്ലാ കെ.എസ്.ആർ.

ടി.സി ബസുകളുടേയും കാലാവധി രണ്ടു വർഷം ദീർഘിപ്പിക്കുകയായിരുന്നു. ഈ കാലാവധിയും വൈകാതെ അവസാനിക്കും. പുതിയ ബസുകൾ വാങ്ങാൻ 80 കോടി രൂപ ആവശ്യപ്പെട്ടിട്ടും ധനകാര്യ വകുപ്പ് അനുവദിച്ചിട്ടില്ല.

നവീകരണത്തിന് സർക്കാർ അനുവദിച്ച തുക ജീവനക്കാർക്ക് പെൻഷനും ശമ്പളവും നൽകാനെടുത്ത് കോർപ്പേറഷനും സ്വന്തം അസ്തിവാരം തോണ്ടുന്നു. കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന് സർക്കാർ നൽകിയ 1000 കോടി രൂപയിൽ നിന്നാണ് ഇതിനെല്ലാം പണമെടുക്കുന്നത്. നവീകരണത്തിന് തുകയില്ല!

വരുമാനത്തിലെ ഇടിവ്

ഒക്ടോബർ രണ്ടിന്: 5.24 കോടി

മൂന്നിന്: 6.08 കോടി

കഴിഞ്ഞ മാസം രണ്ടിന്: 6.78 കോടി

മൂന്നിന്: 6.67 കോടി


 രേഖകളിൽ പറയുന്ന സർവീസുകൾ 6200

 മുമ്പ് നിരത്തിലുണ്ടായിരുന്നത് 5200- 5400

 പ്രതിസന്ധിക്കു മുമ്പത്തെ സർവീസുകൾ 4200- 4800

 ഡ്രൈവർ ക്ഷാമം വന്നപ്പോൾ 3700- 3900

സ‌ർക്കാർ പണം നൽകുന്നതു കൊണ്ടാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങാതെ നൽകാൻ കഴിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡിപ്പോകൾ പണയം വച്ച് ബസുകൾ വാങ്ങിയതു പോലെ ഇപ്പോൾ ചെയ്യാനാവില്ല.

-എ.കെ.ശശീന്ദ്രൻ

ഗതാഗത മന്ത്രി