കുച്ചിപ്പുടിയിൽ ആദ്യ അങ്കത്തിന് അക്ഷധ
അഞ്ചൽ: ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം (പെൺ) കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ തന്റെ കന്നിയങ്കത്തിന് തയ്യാറെടുക്കുകയാണ് എ.അക്ഷധ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അക്ഷധ. കഴിഞ്ഞ പത്തുവർഷമായി നൃത്തം അഭ്യസിക്കുന്നു. മഹാവിഷ്ണുവിന്റെ വർണന അവതരിപ്പിക്കുന്ന ‘നാരായണ തീർത്ഥം’ ആയിരുന്നു പ്രമേയം.കഴിഞ്ഞ ദിവസം നടന്ന മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇന്ന് നടക്കുന്ന നാടോടി നൃത്തമാണ് ഇനിയുള്ളത്. സി.ബി.എസ്.ഇ സിലബസിൽ പഠിച്ചിരുന്ന അക്ഷധ കഴിഞ്ഞ വർഷമാണ് ആദ്യമായി സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. ആദ്യ തവണ തന്നെ മോഹിനിയാട്ടത്തിനും നാടോടി നൃത്തത്തിനും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. സജേഷ് എസ്.നായരിന് (കോഴിക്കോട്) കീഴിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കുച്ചിപ്പുടി അഭ്യസിക്കുന്നത്. അരുൺ പിള്ള-എം.ധന്യ ദമ്പതികളുടെ മകളാണ്. എ.അർണവാണ് സഹോദരൻ.