തേൾ വിഷത്തിലൂടെ കഥ പറഞ്ഞ് സംസ്ഥാന തലത്തിലേയ്ക്ക്
അഞ്ചൽ: തേളിന്റെ വിഷത്തിന്റെ കഥ പറഞ്ഞ് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തുടർച്ചയായി മൂന്നാം വർഷവും എച്ച്.എസ് ഇംഗ്ലീഷ് സ്കിറ്റുമായി സംസ്ഥാന തലത്തിലേക്ക്. മനുഷ്യൻ ഭുജിച്ച ആദ്യ വിഷത്തിൽ തുടങ്ങി ജീവിതത്തിന്റെ സർവ മേഖലകളിലും വ്യാപിച്ച വിഷത്തിന്റെ തീവ്രത അനാവരണം ചെയ്ത ആക്ഷേപഹാസ്യ നാടകം ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു. പ്രകോപിക്കപ്പെടുമ്പോഴോ, ആക്രമിക്കപ്പെടുമ്പോഴോ വിഷം ചീറ്റുന്ന വിഷജന്തുക്കളോ, വാക്കിലും ചിന്തയിലും വിഷം വഹിക്കുന്ന മനുഷ്യനോ യഥാർത്ഥ വിഷജീവികൾ? തേളിന്റെ വിഷത്തെ ഒരു ബിംബമാക്കി വിഷം തീണ്ടിയ മനുഷ്യജീവിതത്തിന്റെ വിഭിന്ന അവസ്ഥാന്തരങ്ങളിലൂടെയുള്ള യാത്ര കേവലം ആക്ഷേപഹാസ്യത്തിനപ്പുറം ഒരു ആത്മവിമർ ശനത്തിന്റെ ഏടുകളിൽ കൂടിയാണ് കടന്നുപോകുന്നത്. ശ്രീഹരി, ദേവർഷ്, ആദ്യ, നീരദ, അരോമ, കൃഷ്ണപ്രിയ, പാർവതി അനവദ്യ എന്നിവരായിരുന്നു അഭിനേതാക്കൾ. സ്കൂളിലെ അദ്ധ്യാപകനായ അരുൺ കുമാറാണ് സ്കിറ്റ് തയ്യാറാക്കിയത്. ദൃശ്യഭാഷ്യം ഒരുക്കിയത് മനോജ് റാം ചേർത്തലയാണ്.