കവർച്ചാ പ്രതി അറസ്റ്റിൽ

Friday 28 November 2025 12:19 AM IST

കൊല്ലം: കിളികൊല്ലൂർ പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള സ്പായിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ മുനീറാണ് (36) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ജൂൺ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൃത്യത്തിന് ശേഷം കാറിൽ കടന്നുകളഞ്ഞ പ്രതികളിൽ നാലുപേരെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട മുനീർ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഇയാൾ തന്റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.