സൂപ്പർ ലീഗ് കേരള: മാജിക്ക് എഫ്.സി സെമിയിൽ
തൃശൂർ : ഫോഴ്‌സ കൊച്ചിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി തൃശൂർ മാജിക് എഫ്.സി സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഹോം ഗ്രൗണ്ടായ തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ ആദ്യ പകുതിയുടെ 27-ാം മിനിട്ടിൽ കെവിൻ ജാവീർ നേടിയ ഗോളിലായിരുന്നു മാജിക് എഫ്.സിയുടെ വിജയം. ഇവാൻ മാർക്കോവിച്ച് നൽകിയ പാസിലായിരുന്നു വിജയ ഗോൾ.
ഇരുപകുതികളിലും കൂടുതൽ മുന്നേറ്റം നടത്തിയത് ഫോഴ്‌സ ആയിരുന്നെങ്കിലും ലക്ഷ്യം നേടാനായില്ല. അതേസമയം ലീഡ് നില ഉയർത്താൻ മാജിക് എഫ്.സി നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ മാത്രം പിറന്നില്ല. രണ്ടാം പകുതി ഫോഴ്‌സ മുന്നേറ്റങ്ങൾ കണ്ടായിരുന്നു തുടക്കം. പല തവണ മാജിക് എഫ്.സിയുടെ പ്രതിരോധത്തെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗോൾ എന്ന് ഉറപ്പിച്ച നിരവധി അവസരങ്ങൾ കൊച്ചിക്ക് ലഭിച്ചെങ്കിലും ഭാഗ്യം മാത്രം തുണച്ചില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ മാജിക് എഫ്.സിയുടെ മുന്നേറ്റനിര ഫോഴ്‌സാ കൊച്ചിയുടെ ഗോളിയെ പലതവണ പരീക്ഷിച്ചെങ്കിലും ലീഡ് ഉയർത്താനായില്ല.
ഇന്നത്തെ കളി : കണ്ണൂർ Vs കാലിക്കറ്റ് എഫ്.സി