വെൽക്കം, വേൾഡ് കപ്പ് വിന്നേഴ്സ്
വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം കാര്യവട്ടത്ത് കളിക്കാനെത്തുന്നു
ഡിസംബർ 26,28,30 തീയതികളിൽ മൂന്ന് ട്വന്റി-20കൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
ഇന്ത്യയ്ക്ക് എതിരാളികളാകുന്നത് ശ്രീലങ്ക, ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പര
തിരുവനന്തപുരം : കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത. ചരിത്രത്തിലാദ്യമായി വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 പരമ്പരയ്ക്കായി തിരുവനന്തപുരത്തെത്തുന്നു. ശ്രീലങ്കയ്ക്ക് എതിരായ അഞ്ചുമത്സരപരമ്പരയിലെ അവസാന മൂന്ന് കളികൾക്കാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. അടുത്തമാസം 26,28,30 തീയതികളിലായാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടക്കുക. ലോകകപ്പ് നേടിയ ശേഷമുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ പരമ്പരയാണ് ശ്രീലങ്കയ്ക്ക് എതിരെ നടക്കുക. ഫോർമാറ്റിൽ വ്യത്യാസമുണ്ടെങ്കിലും ഏകദിന ടീമിലെ പ്രധാന താരങ്ങളെല്ലാം ട്വന്റി-20 ടീമിലുമുണ്ടാകും. ഏകദിന ക്യാപ്ടൻ ഹർമൻ പ്രീത് കൗർ തന്നെയാണ് ട്വന്റി-20 ടീമിന്റേയും ക്യാപ്ടൻ. സ്മൃതി മാന്ഥന, ജെമീമ റോഡ്രിഗസ്,ഷെഫാലി വെർമ്മ, രാധാ യാദവ്,അമൻജോത് കൗർ,റിച്ച ഘോഷ് തുടങ്ങിയവരും ട്വന്റി-20 ടീമിന്റേയും ഭാഗമാണ്. പരമ്പരയ്ക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. മലയാളി താരങ്ങളായ മിന്നുമണി, സജന സജീവൻ, ആശ എന്നിവർ നേരത്തേ ട്വന്റി-20 ഫോർമാറ്റിൽ ദേശീയ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും അവസാനമായി ഇന്ത്യ ഈ ഫോർമാറ്റിൽ കളിച്ചപ്പോൾ ടീമിൽ ഇടംപിടിക്കാനായിരുന്നില്ല. കളി തിരുവനന്തപുരത്തെത്തുമ്പോൾ ഇവരിലാർക്കെങ്കിലും ഇന്ത്യൻ കുപ്പായമണിയാൻ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
വാക്കുപാലിച്ച് ബി.സി.സി.ഐ
ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ബംഗളുരുവിൽ മത്സരങ്ങൾ നടത്താനാകാതെ വന്നപ്പോൾ ബി.സി.സി.ഐ ആദ്യം ആലോചിച്ചത് കാര്യവട്ടത്ത് മത്സരങ്ങൾ നടത്താനാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെ മുംബയ്‌യിലേക്ക് വിളിപ്പിച്ച് ഇതുസംബന്ധിച്ച ചർച്ചകളും നടത്തി. എന്നാൽ ടീമുകളുടെ യാത്രയുൾപ്പടെയെയുള്ള കാര്യങ്ങളിലെ തടസങ്ങൾ കാരണം ആ മത്സരങ്ങൾ ഒടുവിൽ നവി മുംബയ്‌യിലേക്ക് മാറ്റുകയായിരുന്നു. അന്ന് കേരളത്തിലേക്ക് കൂടുതൽ മത്സരങ്ങൾ അനുവദിക്കാമെന്ന് ബി.സി.സി.ഐ വാക്കുനൽകിയിരുന്നു. ആ വാക്കാണ് ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ നിറവേറ്റിയത്.
ജനുവരിയിൽ ന്യൂസിലാൻഡ്
ജനുവരിയിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചുമത്സര പുരുഷ ട്വന്റി-20പരമ്പരയിലെ അവസാന കളിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കാര്യവട്ടമാണ്. ജനുവരി 31നാണ് മത്സരം.
ലോകജേതാക്കൾക്ക് ആതിഥ്യമരുളാൻ ലഭിച്ച അവസരം കെ.സി.എയുടെ സംഘാടനമികവിനുള്ള അംഗീകാരമാണ്.ഈ പരമ്പര കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ ഉണർവ് നൽകും
- ജയേഷ് ജോർജ്ജ് , കെസിഎ പ്രസിഡന്റ്,ഇന്ത്യൻ വിമൻസ് ലീഗ് ചെയർമാൻ )
ക്രിസ്മസ് അവധിക്കാലത്ത് ലോകചാമ്പ്യന്മാരുടെ മത്സരം കാണാൻ കാര്യവട്ടത്ത് ഗാലറി നിറയുമെന്നാണ് പ്രതീക്ഷ.വരും വർഷങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കും.
- വിനോദ് എസ് കുമാർ കെ.സി.എ സെക്രട്ടറി