തദ്ദേശ തിരഞ്ഞെടുപ്പ് : അവശത ഉള്ളവർക്ക് സഹായിയെ കൂട്ടാം
Friday 28 November 2025 2:34 AM IST
തിരുവനന്തപുരം: അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകർക്ക് 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താൻ ഒപ്പം കൊണ്ടുപോകാൻ അനുമതി നൽകും. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ, ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇതനുവദിക്കൂ. ഇത്തരത്തിൽ അനുവദിക്കുമ്പോൾ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം, സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും.
സ്ഥാനാർത്ഥിയെയും പോളിംഗ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവർത്തിക്കുന്നതിന് അനുവദിക്കില്ല.