യു.ഡി.എഫ് ശക്തമായി തിരിച്ചുവരും:സതീശൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫിന്റെ അതിശക്തമായ തിരിച്ചുവരവായിരിക്കും കേരളത്തിലുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിൽ സി.പി.എം ഗൂഢാലോചനയുണ്ട്. കൊള്ളയിൽ പങ്കാളികളായവരെ സി.പി.എം സംരക്ഷിക്കുകയാണ്. മോഷണക്കുറ്റത്തിന് ജയിലിൽ പോയ രണ്ടു നേതാക്കൾക്കെതിരെ നടപടി എടുക്കില്ലെന്നു പറയുന്ന തൊലിക്കട്ടിയുള്ള പാർട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്. അവർ മൊഴി നൽകിയാൽ വമ്പൻ നേതാക്കന്മാർ പെടുമോയെന്ന പേടിയിലാണ് നടപടിയെടുക്കാത്തത്.
പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വർണം പുറത്തേക്ക് കൊണ്ടുപോയത് കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും കടകംപള്ളി സുരേന്ദ്രനാണ്.
ലേബർ കോഡിൽ മന്ത്രി ശിവൻകുട്ടിയുടെ വ്യക്തിപരമായ നിലപാടല്ല കാണുന്നത്. അത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള സി.പി.എമ്മിന്റെ നിലപാടാണ്. ഈ തിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാവാതിരിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം വീണ്ടും ചർച്ചയാക്കുന്നതെന്നും സതീശൻ പറഞ്ഞു.