സ്ഥാനാർത്ഥിയില്ല; കടമക്കുടിയിൽ യു.ഡി.എഫ് കൺഫ്യൂഷനിൽ

Friday 28 November 2025 2:49 AM IST

കൊച്ചി: യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണ് കടമക്കുടി. എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ആർക്ക് വോട്ട് ചെയ്യുമെന്ന ആശങ്കയിലാണ് പ്രവർത്തകർ. ഇവിടെ സി.പി.എമ്മിലെ മേരി വിൻസെന്റും ബി.ജെ.പിയിലെ രചന പ്രതാപനും നേർക്കുനേർ പോരാടുകയാണ്. പിന്തുണയ്‌ക്കാനോ ഒപ്പംകൂട്ടാനോ ഒരു സ്വതന്ത്രൻ പോലുമില്ല. സി.പി.എമ്മും ബി.ജെ.പിയും മാത്രം മത്സരിക്കുന്ന സംസ്ഥാനത്തെ ഏക പോരാട്ടമാണ് കടമക്കുടിയിലേത്. ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിൽ സ്വന്തം സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യാം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിറ്റിംഗ് അംഗവുമായ അഡ്വ. എൽസി ജോർജായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. എൽസിയുടെ ഉറ്റബന്ധുവാണ് പത്രിക പൂരിപ്പിച്ചതും ഒപ്പുകൾ ഇടുവിപ്പിച്ചതും. നേതാക്കളാരും പരിശോധിച്ചതുമില്ല. ഡമ്മി പത്രിക സമർപ്പിച്ചിരുന്നുമില്ല. കടമക്കുടി ഡിവിഷൻ അതിർത്തി പുനഃർനിർണയിച്ചപ്പോൾ ചില ഭാഗങ്ങൾ വൈപ്പിൻ ഡിവിഷനോടും വൈപ്പിനിലെ ചിലഭാഗങ്ങൾ കടമക്കുടിയിലും ചേർത്തിരുന്നു. എന്നാൽ നാമനിർദ്ദേശ പത്രികയിൽ പഴയ ഡിവിഷനിൽ ഉൾപ്പെട്ടിരുന്നവരാണ് ഒപ്പിട്ടത്. ഇതാണ് വിനയായത്. പത്രിക തള്ളുമെന്നറിഞ്ഞതോടെ പുതിയ പത്രികകളുമായി കളക്ടറേറ്റിൽ സ്ഥാനാർത്ഥി എത്തിയെങ്കിലും സമയത്തിനകം സമർപ്പിക്കാൻ കഴിഞ്ഞില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.