തലസ്ഥാനത്ത് കിടിലം പോര്

Friday 28 November 2025 2:55 AM IST

തിരുവനന്തപുരം: വോട്ടെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെ തലസ്ഥാനത്തെ പ്രചാരണം ആവേശക്കൊടുമുടിയിൽ. സ്ഥാനാർത്ഥികൾ ഭവന സന്ദർശനങ്ങളും വ്യക്തിഗത വോട്ട് അഭ്യർത്ഥനയുമായി നെട്ടോട്ടത്തിലാണ്. മുതിർന്ന നേതാക്കളടക്കം പ്രചാരണ രംഗത്ത് സജീവം. അതിനിടെ,​ വിമത ഭീഷണി എല്ലാ മുന്നണികൾക്കും തലവേദനയാണ്. തിരുവനന്തപുരം ജില്ലയിൽ ആകെ 4,​766 സ്ഥാനാർത്ഥികളാണുള്ളത്. പുനർവിഭജനം കഴിഞ്ഞ തിരുവനന്തപുരം നഗരസഭയിലെ 101 വാർഡുകളിൽ 348 സ്ഥാനാർത്ഥികളാണ് മാറ്രുരയ്ക്കുന്നത്.

നഗരസഭയിൽ എൽ.ഡി.എഫിന് വിമത ഭീഷണി ഉയർത്തിയ ഉള്ളൂർ,​ ചെമ്പഴന്തി,​ വാഴോട്ടുകോണം വാർഡുകളിൽ മൂന്നുപേരെ സി.പി.എം പുറത്താക്കിയെങ്കിലും അവരും മത്സരിക്കുന്നുണ്ട്. കാച്ചാണി, കഴക്കൂട്ടം, വിഴിഞ്ഞം വാർഡുകളിലും സി.പി.എം വിമതർ മത്സരത്തിനുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും വർഗീയതയുമാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ. സീറ്റ് വർദ്ധിപ്പിച്ച് ഭരണം നിലനിറുത്തുകയാണ് ഇടതുമുന്നണി ലക്ഷ്യം. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2020ൽ 10 സീറ്റുമായി മൂന്നാം സ്ഥാനത്തായിരുന്നു. വിമത ഭീഷണി ഉയർത്തിയ 33 പേരെ കോൺഗ്രസ് ജില്ലയിൽ നിന്നു പുറത്താക്കിയിരുന്നു. അതേസമയം,​ പ്രതിപക്ഷത്ത് നിന്ന് ഭരണം പിടിക്കുകയെന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യം. 34 സീറ്റാണ് കഴിഞ്ഞതവണ നേടിയത്. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥന.

ജില്ലാപഞ്ചായത്തിൽ വാശിയേറും

പുനർവിഭജനം കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ 28 ഡിവിഷനുകളിലേക്കാണ് മത്സരം. എൽ.ഡി.എഫിൽ 21 സീറ്റിൽ സി.പി.എമ്മും നാലുസീറ്റിൽ സി.പി.ഐയും മത്സരിക്കുന്നു. കേരള കോൺഗ്രസ് (എം), ജെ.ഡി.എസ്, ആർ.ജെ.ഡി എന്നിവർ ഓരോ സീറ്റിലുണ്ട്. യു.ഡി.എഫിൽ 26 സീറ്റിൽ കോൺഗ്രസും ഓരോ സീറ്റുകളിൽ മുസ്ലിം ലീഗും ആർ.എസ്.പിയും മത്സരിക്കുന്നു. എൻ.ഡി.എയിൽ​ ബി.ഡി.ജെ.എസ്,​ കാമരാജ് കോൺഗ്രസ് എന്നിവർ ഓരോ സീറ്റിൽ ജനവിധി തേടുന്നു. ബാക്കി സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളാണ്. എൽ.ഡി.എഫ്- 21, യു.ഡി.എഫ്- 5 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ കക്ഷിനില.

താഴെത്തട്ടിലും ആവേശം

ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്. 2020ൽ 73 ഗ്രാമപഞ്ചായത്തുകളിൽ 52 എണ്ണം എൽ.ഡി.എഫിനും 18 എണ്ണം യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമായിരുന്നു ലഭിച്ചത്. കാരോട് ഗ്രാമപഞ്ചായത്ത് ഭരണ പ്രതിസന്ധിയിലാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒൻപതും എൽ.ഡി.എഫ് നേടിയിരുന്നു.