ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതിജീവിത മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പത്ത് വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് യുവതി ഒരു വനിതയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. വിശദമായി കാര്യം പറയുകയും എഴുതി തയ്യാറാക്കിയ പരാതി നൽകുകയും ചെയ്‌തു. തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും കൈമാറിയിരുന്നു. 4.50ന് മടങ്ങി.
പിന്നാലെ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് മേധാവി വൈകിട്ട് അഞ്ചരയോടെയെത്തി പരാതി കൈപ്പറ്റി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് യോഗം ചേർന്നതിന് പിന്നാലെ അതിവേഗത്തിൽ മൊഴിയെടുപ്പ് തുടങ്ങി. ഇന്നലെ രാത്രി പതിനൊന്നുമണിയോടുകൂടിയാണ് പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായത്. യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.
മുൻകൂർ ജാമ്യത്തിന് രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പരാതിക്ക് പിന്നാലെ ഫോൺ ഓഫ് ചെയ്ത രാഹുലിനെ കണ്ടെത്താനായിട്ടില്ല. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയിട്ട നിലയിലാണ്.