"ആ പെൺകുട്ടി വിവാഹിത, രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ"
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
'ഞാനായിട്ട് പറയേണ്ടെന്ന് വിചാരിച്ചതാണ്. രാഹുൽ മാങ്കൂട്ടത്തിൽ പറയേണ്ടതാണ്. നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിയമപ്രകാരം ആ പെൺകുട്ടിയുടെ ഐഡന്റിന്റി വെളിയിൽവിടരുത്. ആ പെൺകുട്ടി വിവാഹിതയാണ്. ഇത് പറയുന്നതുകൊണ്ട് ഐഡന്റിന്റി വെളിയിൽവിടുന്നില്ല. മറ്റൊരു പുരുഷനെ വിവാഹം കഴിച്ചിരിക്കുന്ന അവസരത്തിൽ അതടക്കമുള്ള കാര്യങ്ങൾ മറച്ചുവച്ച് രാഹുൽ മാങ്കൂട്ടത്തിലിനോട് ബന്ധം സ്ഥാപിക്കുകയും അതിനുശേഷം പ്രഗ്നൻസി അടക്കമുള്ള കാര്യങ്ങൾ വന്നു. എങ്ങനെയാണ് രാഹുലിന് ഈ പെൺകുട്ടിയെ വിവാഹം കഴിക്കാനാകുക? യഥാർത്ഥത്തിൽ ഒരു വർഷത്തെ ഗ്യാപ്പിൽ രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്ത വ്യക്തിയാണ്. ഒന്നാലോചിച്ചുനോക്കുക. 2024 -25ലാണ് നടക്കുന്നത്. അതിജീവിതയെ കുറ്റം പറഞ്ഞെന്ന് പറഞ്ഞ് എനിക്കെതിരെ പരാതി വരും. ഞാൻ നേരിട്ടോളാം. ഞാൻ പറയുന്നത് വസ്തുതയാണ്. വേറൊരാളെ കല്യാണം കഴിച്ച പെൺകുട്ടിയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ. '- എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനും യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയ സുഹൃത്തിനുമെതിരെ രാവിലെ പൊലീസ് കേസെടുത്തിരുന്നു.