ബഷീറിനെ ഏറെ ഇഷ്ടപ്പെടുന്ന കൊച്ചുമിടുക്കൻ; ആ ഇഷ്ടം നൽകിയത് ഒന്നാം സമ്മാനം
കരുനാഗപ്പള്ളി: നാലാം ക്ലാസ് വിദ്യാർത്ഥിയായ സിദ്ധിവിനായകിന് ഏറ്റവും ഇഷ്ടം ബഷീറിനെയാണ്. ഏറെ പ്രിയമുള്ള എഴുത്തുകാരനെ അരങ്ങിലെത്തിക്കാൻ അതിലേറെ ഇഷ്ടവും. ആ ഇഷ്ടം ഇത്തവണയും സിദ്ധിക്കിന് നൽകിയത് കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനമാണ്.
ഇത്തവണത്തെ കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായാണ് ക്ലാപ്പന സെന്റ് ജോസഫ്‌സ് യു.പി സ്കൂൾ വിദ്യാർത്ഥിയായ സിദ്ധിവിനായക് മടങ്ങിയത്. മോണോ ആക്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം, ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, കന്നട പദ്യപാരായണത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം, ശാസ്ത്രമേളയിൽ പരിസര നിരീക്ഷണത്തിൽ രണ്ടാം സ്ഥാനം എന്നിവ സിദ്ധി നേടി.
കഴിഞ്ഞ തവണയും മോണോ ആക്ടിന് സിദ്ധിക്കായിരുന്നു ഒന്നാം സ്ഥാനം. ബഷീർ കഥകളോടുള്ള ആരാധനയാൽ കഴിഞ്ഞ തവണയും ഇത്തവണയും ബഷീർ കഥകളിലെ ഏടുകളും കഥാപാത്രങ്ങളുമാണ് സിദ്ധി അവന്റെ മോണോ ആക്ടിന് വിഷയമാക്കിയത്. 2023-ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും 2024-ൽ നക്ഷത്ര ബാല്യം പുരസ്‌കാരവും 2025-ൽ എ.പി.ജെ അബ്ദുൾ കലാം ബാല പ്രതിഭ പുരസ്‌കാരവും നേടിയ സിദ്ധി ചിത്രരചനയിലും പാട്ടിലും ചെണ്ടയടക്കമുള്ള വാദ്യോപകരണങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ആദിനാട് ചക്കാലത്തറയിൽ പ്രവാസിയായ സജിത്തിന്റെയും ക്ലാപ്പന പോറ്റിവീട്ടിൽ അദ്ധ്യാപികയായ ഹനാൻ ബാബുവിന്റെയും മകനാണ് സിദ്ധിവിനായക്.