'രാഹുലിന് ഫോൺ ഓഫാക്കി മുങ്ങാനാണോ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്, അതോ ശബരിമല സ്വർണക്കൊള്ളയിലെ വമ്പന്മാരെ രക്ഷിക്കാനോ'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ യുവതിയുടെ പീഡനപരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയർത്തി മുൻ ഡിജിപിയും ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ. ഇത്രനാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ശ്രീലേഖ ചോദിച്ചു.
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോൺ ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ ഇതെന്നും ശ്രീലേഖ ഫേസ്‌ബുക്കിൽ കുറിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽപേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.
രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതാണെന്നുമാണ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. രാഹുലിനെതിരെ പല പരാതികളും വിഡി സതീശന്റെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു നിമിഷം പോലും നിയമസഭാ സമാജികനായി തുടരാൻ രാഹുലിന് അർഹതയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിവാഹവാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് രാഹുലിനെതിരെ കേസെടുത്തിട്ടുള്ളത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെ റൂറൽ എസ്‌പി കെഎസ് സുദർശന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു.
പരാതി വന്നതിന് പിന്നാലെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി രാഹുൽ മാറിനിൽക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുൽ.