ഇഷ്ടമാണെന്ന് പറഞ്ഞ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങൾ; രണ്ടാം വിവാഹത്തെപ്പറ്റി രേണു സുധി

Friday 28 November 2025 11:12 AM IST

രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബിഗ് ബോസ് മുൻതാരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. ചില വിവാഹാലോചനകൾ വന്നിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'എനിക്ക് ഒരുപാട് പ്രപ്പോസലുകൾ വന്നിരുന്നു. അതിൽ ഒരാലോചന ഇങ്ങനെ നിൽപ്പുണ്ട്. ഞാനിത് വീട്ടിൽപ്പോലും പറഞ്ഞിട്ടില്ല. എന്റെ മക്കളെ എന്തായാലും നോക്കണമെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. അങ്ങനെയുള്ളവരെ മാത്രമേ ഞാൻ അംഗീകരിക്കത്തുള്ളൂ, കല്യാണം കഴിക്കത്തുള്ളൂ.

ഇപ്പോൾ കല്യാണം കഴിക്കാമെന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല, ആരോടും പറഞ്ഞിട്ടുമില്ല. ഒരിഷ്ടം വന്നുപറഞ്ഞു, ഞാൻ പറഞ്ഞ് നോക്കാമെന്ന്. കാരണം ഇനി തകർന്നുപോയിക്കഴിഞ്ഞാൽ പോയതാണ്, ജന്മത്ത് തിരിച്ചുവരവ് നടക്കില്ല.

ഈ കല്യാണത്തിന് ഞാൻ ഓക്കെയാണോയെന്ന് ചോദിച്ചാൽ ഓക്കെയല്ല. എന്തായാലും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതേപ്പറ്റി എനിക്ക് കൂടുതലൊന്നും അറിയില്ല. എന്റെ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ നോക്കണമെന്ന് പറഞ്ഞു. പിന്നെ സുധിച്ചേട്ടന്റെ കാര്യം. ആദ്യ ഭാര്യ അല്ലെങ്കിൽ ഭർത്താവ് മരിക്കുന്നു. വീണ്ടും വിവാഹം കഴിച്ചതിനുശേഷം ആദ്യത്തെയാളെക്കുറിച്ച് പറയുമ്പോൾ രണ്ടാമത്തെ ആൾക്ക് ഇഷ്ടമാകണമെന്നില്ല. സുധി ചേട്ടൻ എപ്പോഴും എന്റെ മനസിലുണ്ട്. കൈയിൽ ടാറ്റു അടിച്ചത് അതുകൊണ്ടാണ്. അതെല്ലാം അംഗീകരിക്കുന്നയാളാകണം. സുധിച്ചേട്ടന്റെ കാര്യം പറഞ്ഞാൽ പൊസസീവ് ആകരുത്.

കുഞ്ഞുങ്ങളെ നോക്കാം, രേണുവിനെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നടക്കുമോ നടക്കത്തില്ലയോ എന്നറിയാത്തതുകൊണ്ടാണ് ഇപ്പോൾ പുറത്തുവിടാത്തത്. എന്നെ നോക്കണമെന്ന് ഒരിക്കലും അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. എന്റെ കുഞ്ഞുങ്ങളെ നോക്കുമെന്ന് എനിക്ക് ബോദ്ധ്യമാകണം. അദ്ദേഹവുമായി സൗഹൃദത്തിൽ പോകുന്നുണ്ട്'- രേണു സുധി വ്യക്തമാക്കി.