ഒരു കിലോയ്ക്ക് പത്ത് രൂപ; അടുക്കളയിൽ ആർക്കുംവേണ്ടാതെ കളയുന്ന സാധനത്തിൽ നിന്ന് പതിനായിരങ്ങൾ സമ്പാദിക്കാം

Friday 28 November 2025 3:11 PM IST

കൊൽക്കത്ത: ട്രെൻഡിനനുസരിച്ച് രുചിയൂറുന്ന വിഭവങ്ങളും അവയുടെ രുചിക്കൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണ്. പലരും സോഷ്യൽ മീഡിയയിലെ വീഡിയോകളും ചിത്രങ്ങളും കണ്ടിട്ടായിരിക്കും സാധനങ്ങൾ വാങ്ങുന്നത്. അത്തരത്തിൽ ഒരു കച്ചവടക്കാരൻ അധികമാരും ശ്രദ്ധിക്കാതെ പോയ സാധനം ശേഖരിച്ച് വിൽക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഇത് എവിടെ സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല.

റോഡരികിലിരുന്നാണ് കച്ചവടക്കാരൻ വെള്ളരിക്കയുടെ തൊലി വിൽക്കുന്നത്. ഇത് വാങ്ങാൻ ആളുകൾ എത്തുന്നതും വീഡിയോ ചിത്രീകരിച്ച യുവാവ് കാണിക്കുന്നുണ്ട്. കടയിൽ വലിയൊരു ബാസ്‌ക​റ്റ് നിറയെ വെള്ളരിക്കയുടെ തൊലി ശേഖരിച്ചുവച്ചിരിക്കുകയാണ്. ഒരു കിലോഗ്രാം വെള്ളരിക്കയുടെ തൊലിക്ക് പത്ത് രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ഇത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് യുവാവ് കടക്കാരനോട് ചോദിക്കുന്നുണ്ട്. അയാൾ തമാശയോടെ മനുഷ്യർ കഴിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും കടക്കാരൻ മറുപടി നൽകി.

കൊൽക്കത്തയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ചിലർ വാദിക്കുന്നുണ്ട്. കൊൽക്കത്തയിലെ തെരുവോരക്കടകളിൽ വെള്ളരിക്കയുടെ തൊലിയിൽ മസാലക്കൂട്ടുകൾ ചേർത്ത് കഴിക്കാൻ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, വീഡിയോയ്ക്ക് വിവിധതരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത് ഇങ്ങനെ, താൻ കൊൽക്കത്തയിലാണ് താമസിക്കുന്നത്. അവിടെ ഇത്തരത്തിൽ വെള്ളരിക്കയുടെ തൊലി കഴിക്കില്ലെന്നാണ് ഉപഭോക്താവ് പറഞ്ഞത്.