രാഹൂൽ മാങ്കൂട്ടത്തിലിനെതിരായ ലെെംഗിക  പീഡന കേസ്;  പ്രത്യേക  അന്വേഷണ സംഘത്തെ നിയോഗിക്കും

Friday 28 November 2025 3:12 PM IST

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലെെംഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വിവരം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വെെകുന്നേരത്തോടെ ഇറങ്ങുമെന്നാണ് വിവരം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തിരുവനന്തപുരത്തും പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി അതുകാണിച്ച് ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിലുണ്ട്. ഗർഭിണിയായശേഷവും പീഡിപ്പിച്ചുവെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

2025 മാർച്ച് നാലിന് പരാതിക്കാരിയുടെ ഫ്ലാറ്റിൽവച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടു, മാർച്ച് 17ന് ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. തുടർന്ന് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവച്ച് ബലാത്സംഗം ചെയ്തു. മേയ് അവസാനം പാലക്കാട്ടെ ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചുതുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളതെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം വലിയമല പൊലീസ് സ്​റ്റേഷനിലാണ് എഫ്‌ഐആർ രജിസ്​റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കു​റ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കു​റ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തും പ്രതിപട്ടികയിലുണ്ട്. ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്ത്‌ ജോബി ജോസഫ്‌ വഴിയാണ് ഗുളികയെത്തിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു.