മൂന്നാർ സ്‌കൈ ഡൈനിംഗിനിടെ 150 അടി ഉയരത്തിൽ വിനോദസഞ്ചാരികൾ കുടുങ്ങി; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും രക്ഷിക്കാനായില്ല
മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഒന്നരമണിക്കൂറായി വിനോദസഞ്ചാരികളും ജീവനക്കാരുമടക്കം അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിലും കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. ഇവരെ താഴെയിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്രെയിനിന്റെ ഫ്യൂസ് പോയതാണ് നിലവിലെ സാഹചര്യത്തിന് കാരണം.
ആകാശത്തിരുന്ന ഭക്ഷണം കഴിക്കാവുന്ന പുതിയ സംവിധാനമാണിത്. സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് ഇടുക്കി ആനച്ചാലിൽ ഇത് നടപ്പിലാക്കിയത്. വളരെ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇത് തുടങ്ങിയത്. ഒരേസമയം 16പേർക്ക് ഇതിൽ കയറാനാകും. ക്രെയിൻ ഉപയോഗിച്ച് 150 അടിയിലേറെ ഉയരത്തിൽ പേടകത്തെ ഉയർത്തും. അര മണിക്കൂറോളമാണ് ഇതിൽ ചെലവഴിക്കാൻ കഴിയുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം ആകാശക്കാഴ്‌ചകൾ ആസ്വദിക്കാനുമാകും.
ക്രെയിനിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പേടകത്തെ താഴ്‌ത്താനാകുന്നില്ലെന്നാണ് വിവരം. മൂന്നാറിൽ നിന്നും സുരക്ഷാ സേനയും ഫയർഫോഴ്‌സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാൽ ആരും താഴേക്ക് വീഴില്ലെന്നാണ് അധികൃതർ പറയുന്നത്. ഫ്യൂസ് ശരിയാക്കാൻ ഏറെ സമയമെടുത്തേക്കും. അതിനാൽ, കുടുങ്ങിക്കിടക്കുന്നവരെ വടം കെട്ടി താഴേക്ക് ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്.