അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ മുന്നണികളുടെ പൊരിഞ്ഞ പോരാട്ടം
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നിലനിറുത്താൻ യു.ഡി.എഫ്, ചെറുത്തു നിൽക്കാൻ എൽ.ഡി.എഫ് അക്കൗണ്ട് തുറക്കാൻ എൻ.ഡി.എയും. 13 വാർഡുകളുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ 2 വാർഡുകൾ പുതിയതായി കൂടി 15 വാർഡുകളായി. 14 വാർഡുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വാർഡ് 6 നീലീശ്വരം വെസ്റ്റിൽ യു.ഡി.എഫും എൽ.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുന്നു. അങ്കമാലി നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളും ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തും ചേർന്നതാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. 2005ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതൊഴിച്ചാൽ നാളിതുവരെ ഭരിച്ചത് യു.ഡി.എഫ് ആണ്. ഇപ്പോഴത്തെ ഭരണസമിതിയിൽ യു.ഡി.എഫിന് 9 ഉം എൽ.ഡി.എഫിനും നാലുമെന്ന നിലയിലാണ് കക്ഷിനില. എൻ.ഡി.എക്ക് ഇതുവരെയും അക്കൗണ്ട് തുറക്കാനായിട്ടില്ല. മൂന്നു മുന്നണികളും ഇത്തവണ കളംനിറഞ്ഞ പ്രചാരണമാണ് നടത്തുന്നത്.