തോറ്റശേഷം നടത്തിയ ആ ന്യായീകരണം ഇഷ്‌ടമായില്ല: ഗൗതം ഗംഭീറിന്റെ വാക്കുകളിൽ ബിസിസിഐയ്‌ക്ക് അതൃപ്‌തി
മുംബയ്: ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര 2-0ന് കൈവിട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്‌ടർ അജിത്ത് അഗാർക്കറെയും ആരാധകർ തോൽവിയ്‌ക്ക് രൂക്ഷമായി വിമർശിക്കുകയാണ്. ഇതിനിടെ ഗംഭീർ മത്സരശേഷം പറഞ്ഞ കാര്യങ്ങളിൽ ബിസിസിഐയ്‌ക്ക് വലിയ അതൃപ്‌തിയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.
ഇംഗ്ളണ്ടിൽ ഗംഭീര പ്രകടനം നടത്തിയ ടീമാണിതെന്ന് വ്യക്തമാക്കിയ ഗംഭീർ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും തന്റെ സമയത്താണ് നേടിയതെന്ന് ഓർമ്മിപ്പിച്ചു.ടീമിന്റെ തോൽവിയിൽ താനുൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും കോച്ചെന്ന നിലയിൽ തന്റെ ഭാവി ബി.സി.സി.ഐ തീരുമാനിക്കുമെന്നും ഗംഭീർ വ്യക്തമാക്കുകയും ചെയ്‌തു. ബാറ്റിംഗ് ഓർഡറിലടക്കം ഗംഭീർ നടത്തുന്ന പരീക്ഷണങ്ങളിൽ അതൃപ്‌തിയുണ്ടായിരിക്കെയാണ് തോൽവിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ന്യായീകരണം. നിലവിൽ അദ്ദേഹത്തിന് പിന്തുണ ബിസിസിഐ നൽകുമെങ്കിലും 2026 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ പ്രകടനം നോക്കിയാകും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക.
കൊൽക്കത്ത ടെസ്റ്റിന് ശേഷം ഗംഭീർ പിച്ചിനെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ബിസിസിഐയ്‌ക്ക് അതൃപ്‌തിയുണ്ടായിരുന്നു. ഗംഭീറിന്റെ സംസാരത്തിലെ ധ്വനിയും ബിസിസിഐയ്‌ക്ക് രസിച്ചിട്ടില്ല. സ്വന്തം നാട്ടിലെ വിജയത്തിന്റെ ശക്തമായ റെക്കോഡ് ഗംഭീർ കോച്ചായി എത്തിയ ശേഷമാണ് തകർന്നത്. ഓൾറൗണ്ടർമാരെയും പാർട്‌ടൈം ബൗളർമാരെയും ടീമിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോൾ അഞ്ച് ദിവസം നീളുന്ന മത്സരത്തിൽ ബൗളിംഗിനോ ബാറ്റിഗിനോ വേണ്ടത്ര മികവ് നൽകാൻ ടീമിനാകാത്തതാണ് പരാജയങ്ങൾക്ക് കാരണമായത്. ഇന്ത്യയ്‌ക്ക് അടുത്തതായി വരുന്ന ടെസ്റ്റ് മത്സരം 2026 ഓഗസ്റ്റ് മാസത്തിലാണ് അതുവരെ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് അദ്ദേഹത്തെ മാറ്റില്ല.എന്നാൽ ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ടുവരെ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം തീർച്ചയായും അദ്ദേഹത്തിന്റെ ഭാവിയെ ബാധിക്കാം.