ഈ തിരഞ്ഞെടുപ്പുകാലത്ത് ഇങ്ങനെയൊരു മോഷണമോ?, പൊറുതിമുട്ടിയത് വിദ്യാർത്ഥികളും അദ്ധ്യാപകരും
മൂന്നാർ: രാത്രിയിൽ വെള്ളം മോഷ്ടിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മൂന്നാർ ജിവിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. സ്‌കൂൾ വളപ്പിലെ കിണറിൽ നിന്ന് രാത്രി മുഴുവൻ സമീപത്തെ റിസോർട്ടുകാർ വെള്ളമൂറ്റുന്നതിനാൽ പകൽ സമയം സ്‌കൂളിൽ വെള്ളമില്ലാത്തതാണ് പെൺകുട്ടികളെയടക്കം വലയ്ക്കുന്നത്.
ടി.ടി.ഐ, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയിലടക്കം 700ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മുതിരപ്പുഴയാറിന്റെ കരയിലുള്ള സ്‌കൂളിൽ നേരത്തെ മുതൽ കിണറുണ്ട്. സേലത്തുള്ള സ്വകാര്യ ട്രസ്റ്റാണ് ഇവിടേക്ക് പമ്പ് സെറ്റ് വാങ്ങി നൽകിയത്. പമ്പ് സെറ്റ് സ്ഥാപിച്ച് സ്‌കൂളിലേക്ക് വെള്ളം എടുത്തു തുടങ്ങിയതിന് ശേഷം, സ്‌കൂളിന്റെ പമ്പ് സെറ്റ് കേടാകുന്നതും പതിവായി. അന്വേഷണത്തിലാണ് ഇതിന് പിന്നിലെ റിസോർട്ടുകാരെ കണ്ടെത്തിയത്. സ്‌കൂളിൽ നിന്ന് ജീവനക്കാർ പോകുന്നതിന് പിന്നാലെ പമ്പ് സെറ്റുമായി എത്തുന്ന ഇവർ, സ്‌കൂളിലെ വൈദ്യുതി മോഷ്ടിച്ച് നേരം പുലരും വരെ വെള്ളം എടുത്തിരുന്നു. ഇത് മൂലം പകൽ കിണറ്റിൽ വെള്ളം ഉണ്ടാകില്ല. ഇതോടെ ശുചി മുറിയിൽ പോകാനാകാതെ അദ്ധ്യാപകരും വിദ്യാർത്ഥിനികളും വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.
എന്നിട്ടും പരിഹാരമില്ല
പരാതി ഉയർന്നതിനെ തുടർന്ന് രണ്ട് സബ് കളക്ടർമാർ സ്‌കൂളിലെത്തി. ഹോട്ടലുകാർക്ക് താക്കീതും നൽകി. രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും പഴയപടി. സ്‌കൂൾ അധികൃതർ പൊലീസിലും പരാതി നൽകിയെങ്കിലും ശാശ്വത പരിഹാരമുണ്ടായില്ല.
സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജല മോഷ്ടാക്കൾക്കെതിരെ സമരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രാഥമിക കൃത്യം നിർവഹിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമെന്നാണ് ടി.ടി.ഐ വിദ്യാർത്ഥിനികൾ പറയുന്നത്. ഇതിന് രക്ഷിതാക്കളുടെയും പിന്തുണയുണ്ട്. താത്കാലിക പരിഹാരമല്ല വേണ്ടതെന്നും ഇവർ പറയുന്നു.