അദ്വൈതാശ്രമത്തിനെതിരായ നഗരസഭാ നീക്കം ഉപേക്ഷിക്കണം: ബി.ഡി.ജെ.എസ്

Saturday 29 November 2025 12:43 AM IST
ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ സന്ദ‌ർശിച്ചപ്പോൾ

ആലുവ: ആലുവ അദ്വൈതാശ്രമത്തിനെതിരായ നഗരസഭാ അധികൃതരുടെ നടപടി വിഭാഗീയതയും ക്രൂരതയുമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ആരോപിച്ചു.

ബി.ഡി.ജെ.എസ് നേതാക്കൾ ആലുവ അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ സന്ദ‌ർശിച്ച് നഗരസഭാ നടപടിക്കെതിരെ എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ശ്രീനാരായണ ഗുരുദേവ ജന്തിയോടനുബന്ധിച്ച് ആശ്രമം മതിലിൽ കെട്ടിയ കൊടികൾ നഗരസഭ അധികൃതർ നശിപ്പിക്കുകയും പിഴ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തത് നിയമവിരുദ്ധവും പ്രതിഷേധാർഹമാണ്. വക്കീൽ മുഖാന്തരം നേരത്തെ നഗരസഭയ്ക്ക് മറുപടി നിൽകിയിട്ടും വീണ്ടും നോട്ടീസ് അയച്ചത് ശ്രീനാരായണ ഗുരുദേവനോടും അദ്വൈതാശ്രമത്തോടും ശ്രീനാരായണ സമൂഹത്തോടുമുള്ള അവഹേളനമാണ്. ഇത്തരം നടപടിയുമായി നഗരസഭ അധികൃതർ മുന്നോട്ടുപോകുന്നത് അറിവില്ലായ്മയാണെന്ന് വിശ്വസിക്കാനികില്ലെന്നും നോട്ടീസ് പിൻവലിച്ച് തെറ്റായ നടപടികളിൽ നിന്ന് പിന്തിരിയണമെന്നും ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി വേണു നെടുവന്നൂർ, മണ്ഡലം ട്രഷറർ എ.ആർ. ഷൈൻ എന്നിവരും ഉണ്ടായിരുന്നു.