'പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ, ലെെംഗിക ബന്ധം പരസ്‌പര സമ്മതത്തോടെ'; രാഹുൽ മാങ്കൂട്ടത്തിൽ

Friday 28 November 2025 5:08 PM IST

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് രാഹുലിന്റെ വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും ഫേസ്ബുക്കിലൂടെയാണ് സൗഹൃദം സ്ഥാപിച്ചതെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കുന്നു.

'പരസ്പര സമ്മതത്തോടെയുള്ള ലെെംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാൽ ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണ്. ഞാനുമായുള്ള എല്ലാ ചാറ്റും റെക്കോർഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ഗൂഢാലോചനയുടെ ഭാഗമായി റെക്കോർഡ് ചെയ്ത ചാറ്റുകൾ അടക്കമുള്ള തെളിവുകൾ പിന്നീട് മാദ്ധ്യമങ്ങൾക്ക് കെെമാറി. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം എനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു.

പരാതിക്കാരി ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. അതിന് തെളിവുണ്ട്. മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത് രാഷ്ട്രീയ താൽപര്യത്തോടെയാണ്. ഗർഭഛിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ല. പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചത്. പരാതിക്കാരി ഗർഭിണിയാണെന്ന വാദം അംഗീകരിച്ചാൽ തന്നെ അതിന്റെ ബാദ്ധ്യത ഭർത്താവിനാണ്'- രാഹുൽ ജാമ്യഹർജിയിൽ പറയുന്നു.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസ് രജിസ്​റ്റർ ചെയ്ത് പൊലീസ് അതിവേഗ അറസ്​റ്റിനുള്ള നീക്കം നടത്തിയതിനുപിന്നാലെയാണ് രാഹുലിന്റെ നീക്കം. അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഹർജി നാളെ രാവിലെ പരിഗണിക്കാനാണ് സാദ്ധ്യത. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിടാനുളള സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.