'തല മറന്ന് എണ്ണതേക്കരുത്, തേച്ചാൽ എന്തുസംഭവിക്കുമെന്ന് പഠിപ്പിച്ചു തരും' ഉണ്ണിത്താന് ഭീഷണി

Friday 28 November 2025 5:23 PM IST

മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി സുധാകരന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ജയന്ത് ദിനേശ്. ഉണ്ണിത്താൻ തലമറന്ന് എണ്ണതേക്കരുത്. തേച്ചാൽ എന്തുസംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും എന്നാണ് ജയന്ത് ദിനേശ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സദാചാരപ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെതന്നെ. പിജെ കുര്യൻ സാറിനെയും ശശി തരൂരിനെയും ഇതുപോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തതും കെ സുധാകരൻ തന്നെയാണ്. ഇപ്പോൾ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസിലാവുന്നുണ്ടോ എന്നും ജയന്ത് ദിനേശ് ചോദിക്കുന്നുണ്ട്.

സുധാകരൻ വാക്കുമാറ്റിപ്പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി കാണാൻ തനിക്ക് കഴിയില്ലെന്നുമാണ് ഉണ്ണിത്താൻ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്നും ഇന്നും എന്നും ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ.

രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ .പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസുകളൊക്കെ എന്തായി.ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്.ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ?തല മറന്ന് എണ്ണ തേക്കരുത്.തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരും.