പാകിസ്ഥാൻ പൗരന്മാർ എത്തി ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നു, വിസ ചട്ടങ്ങൾ കടുപ്പിച്ച് അറബ് രാജ്യം
അബുദാബി: വിസ അപേക്ഷിക്കുന്നതിൽ ഏറിയപങ്കും ക്രിമിനലുകളായതിനാൽ അനുവാദം നൽകാതെ യുഎഇ. ഇതോടെ ലോകരാജ്യങ്ങൾക്ക് മുന്നിൽ നാണം കെട്ടിരിക്കുകയാണ് പാകിസ്ഥാൻ. യുഎഇയിൽ തങ്ങൾക്ക് വിസ നിഷേധിക്കുന്നു എന്ന് പാകിസ്ഥാനി യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം വെളിവായിരിക്കുന്നത്. വ്യാഴാഴ്‌ച ചേർന്ന സെനറ്റ് ഫംഗ്‌ഷണൽ കമ്മറ്റി ഓൺ ഹ്യൂമൻറൈറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചു.
പാക് ദിനപത്രമായ ഡോണിനോട് ഒരു പാക് വിദേശകാര്യ പ്രതിനിധി അറിയിച്ചിരിക്കുന്നതനുസരിച്ച് ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെട്ടവർ വ്യാപകമായി രാജ്യത്തേക്ക് എത്തുന്നു എന്ന ആശങ്ക കൊണ്ട് യുഎഇ പാക് പൗരന്മാർക്ക് വിസ നിയന്ത്രിച്ചു എന്നാണ്. പാകിസ്ഥാൻകാരുടെ സംശയാസ്‌പദമായ വിദ്യാഭ്യാസ യോഗ്യതകളും മറ്റുരേഖകളും സംബന്ധിച്ച് യുഎഇ ആശങ്ക ഉന്നയിച്ചെന്നും റിപ്പോർട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും പാക് പൗരന്മാർക്ക് വിസ നിരോധിക്കുന്നതിന് വളരെ അടുത്തെത്തിയിട്ടുണ്ടെന്നാണ് സെനറ്റ് ഫംഗ്‌ഷണൽ കമ്മറ്റി ഓൺ ഹ്യൂമൻറൈറ്റ്സിൽ അഡീഷണൽ ഇന്റീരിയർ സെക്രട്ടറി സൽമാൻ ചൗധരി അറിയിച്ചത്.
യുഎഇയുടെ നടപടി ഗൗരവകരവും പ്രധാനപ്പെട്ടതുമാണെന്ന് യുഎഇയുടെ മുൻ പാക് അംബാസഡർ ഫൈസൽ നിയാസ് തിർമിസി വ്യക്തമാക്കി. നിലവിലെ സ്ഥിതിയിൽ യഥാർത്ഥ വിദ്യാഭ്യാസ, യോഗ്യതാ രേഖകൾ പോലും തിരസ്‌കരിക്കപ്പെടാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദ്യോഗസ്ഥ, ബ്ളൂ പാസ്‌പോർട്ട് ഉടമകൾക്ക് എന്നാൽ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല.
പാകിസ്ഥാൻ പാസ്‌പോർട്ടിലെത്തുന്നവർ തുടർച്ചയായി ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നത് കണ്ടതോടെയാണ് യുഎഇ ശക്തമായ നടപടിക്ക് മുതിരുന്നത്. ഈ വർഷം പകുതിയിൽ ഏതാണ്ട് ജൂലായ് മുതലാണ് പൂർണമായും വിസ അനുവദിക്കുന്നത് തടഞ്ഞത്. പാക് പൗരന്മാർക്ക് നിരവധി വർഷങ്ങൾക്കുള്ള വിസ നൽകുമെന്ന് പാകിസ്ഥാനിലെ യുഎഇ പ്രതിനിധി മുൻപ് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ അത് നൽകാത്തത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.