ആകാംക്ഷയ്ക്ക് അവസാനം,​ നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവറ തുറന്നപ്പോൾ കണ്ടത്

Friday 28 November 2025 7:03 PM IST

കോഴിക്കോട് : വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതുന്ന നിലവറ തുറന്നു. വെള്ളിയാഴ്ച രാവിലെ 11.20ഓടെയാണ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തിന്റെ നേതൃത്വത്തിൽ നിലവറ പൊളിച്ച് പരിശോധിച്ചത്. എന്നാൽ ഒരു മീറ്റർ നീളവും മുക്കാൽ മീറ്റർ വീതിയുമുള്ള ഇരുമ്പ് അറ ശൂന്യമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാന കേന്ദ്രമായിരുന്നു സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം. അക്കാലത്ത് കറൻസികളും വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിനായാണ് ഇത്തരം ഇരുമ്പറകൾ നിർമ്മിച്ചിരുന്നത്. താലൂക്ക് ഓഫീസ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന കെട്ടിടം തീപിടിച്ച് നശിച്ചിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. അമൂല്യ വസ്തുക്കൾ ഉൾപ്പെടെ നിലവറക്കുള്ളിൽ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

പണ്ടുകാലത്ത് കള്ളൻമാർ കവർച്ച ചെയ്യാതിരിക്കാനായി ഇത്തരം ഇരുമ്പറകൾ നിർമ്മിച്ച് ഉപയോഗിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് പുതിയറ,​ വയനാട് വൈത്തിരി,​ ഇടുക്കി ദേവികുളം ട്രഷറി ഓഫീസുകളിൽ ഇത്തരം ഭൂഗർഭ നിലവറ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് ഇതുമാറ്റും. വടകര ആർ.ഡി.ഒ അൻവർ സാദത്ത്,​ ആർക്കിയോളജിസ്റ്റ് ജീവമോൾ,​ വടകര സബ്ട്രഷറി ഓഫീസർ അജിത്ത് കുമാർ,​ തഹസീൽദാർ ഡി. രഞ്ജിത്ത് വടകര എസ്.ഐ വിനീത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവറ തുറന്നത്.