സ്‌കൈ ഡൈനിംഗ് കേടായി, 120 അടി ഉയരത്തിൽ കുടുങ്ങി കുടുംബം
അടിമാലി: ഉച്ചയ്ക്ക് രണ്ടുമണി. മൂന്നാർ ആനച്ചാൽ ടൗണിന് സമീപത്തെ സാഹസികത നിറഞ്ഞ സ്‌കൈ ഡൈനിംഗ് (ആകാശ ഭക്ഷണശാല) രണ്ട് കുട്ടികളടക്കം അഞ്ചുപേരുമായി ആകാശത്ത് 120 അടി ഉയരത്തിലെത്തി. ആകാശക്കാഴ്ചകൾ ആസ്വദിച്ച് വിനോദ സഞ്ചാരികൾ ഭക്ഷണം കഴിച്ചു.
തിരിച്ചിറക്കാൻനേരം ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായി. താഴെയിറക്കാനാവില്ല. ആശങ്കയുടെ മണിക്കൂറുകൾ. ഒടുവിൽ ഫയർഫോഴ്സ് എത്തി വൈകിട്ട് അഞ്ചോടെ റോപ്പ് ഉപയോഗിച്ച് ഓരോരുത്തരെയായി താഴെയെത്തിച്ചതോടെ ആശങ്കയ്ക്ക് വിരാമം. കുടുങ്ങിയത് മൂന്നു മണിക്കൂർ.
കോഴിക്കോട് തിരുത്തിയാട് സ്വദേശികളായ മുഹമ്മദ് സഫ്വാൻ (31), ഭാര്യ തൗഫീന (25), മക്കളായ ഇവാൻ (ആറ്), ഇനാറ (രണ്ട്), സ്കൈ ഡൈനിംഗ് ജീവനക്കാരി ഹരിപ്രിയ (28) എന്നിവരാണ് കുടുങ്ങിയത്. ഇരിപ്പിടവും തീൻമേശയുമുള്ള പ്രത്യേക പേടകം ക്രെയിനുപയോഗിച്ച് സഞ്ചാരികളെ 120 അടി ഉയരത്തിൽ എത്തിച്ച് ഭക്ഷണം വിളമ്പുന്നതാണ് സ്കൈ ഡൈനിംഗ്. ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തുന്നതും താഴ്ത്തുന്നതും. സതേൺ സ്കൈസ് എയ്റോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് നടത്തിപ്പുകാർ.
ജീവനക്കാർ അരമണിക്കൂറോളം പരിശ്രമിച്ചിട്ടും താഴെയിറക്കാൻ കഴിയാത്തതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഹൈഡ്രോളിക് ക്രെയിനിന്റെ ഗുണനിലവാരമില്ലായ്മയാണ് കേടാൻ കാരണമെന്നാണ് ആക്ഷേപം.
തുടങ്ങിയത് 2
മാസം മുമ്പ്
രണ്ടുമാസം മുമ്പാണ് ആനച്ചാലിൽ സ്‌കൈ ഡൈനിംഗ് തുടങ്ങിയത്. അരമണിക്കൂറിന് മുതിർന്നവർക്ക് ആയിരം രൂപയാണ് ഫീസ്. കുട്ടികൾക്ക് സൗജന്യം. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകി.