ഡിജിറ്റൽ, സാങ്കേതിക വി.സി നിയമനം; തീരുമാനം ഗവർണർ ഉടനെടുക്കണം
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തിൽ ഗവർണർ ആർലേക്കർ ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. നിയമനത്തിന് സുപ്രീംകോടതി നിർദ്ദേശപ്രകാരം റിട്ട.ജഡ്‌ജി ധൂലിയ കമ്മിറ്റി തയ്യാറാക്കിയ പാനൽ റിപ്പോർട്ട് വെറും കടലാസുകഷ്‌ണമല്ലെന്നും ഗവർണറെ ഓർമ്മപ്പെടുത്തി. ധൂലിയ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തി ഗവർണർക്ക് അയച്ചുകൊടുത്തിട്ടും നടപടിയില്ലെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം.
എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്ന് ഗവർണറുടെ അഭിഭാഷകനോട് ചോദിച്ചു. സുപ്രീകോടതി മുൻ ജഡ്‌ജി തയ്യാറാക്കിയ റിപ്പോർട്ടാണ്. അടിയന്തരമായി തീരുമാനമെടുത്ത് അറിയിക്കണം. ഗവർണറുടെ തീരുമാനം ശരിയോ, തെറ്റോ എന്ന് തങ്ങൾ പരിശോധിച്ച് തീരുമാനിക്കും. ഡിസംബർ 5ന് വീണ്ടും പരിഗണിക്കും. സമിതിയുടെ നടപടികൾ വ്യക്തമാക്കുന്ന അനുബന്ധ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ലെന്ന് ഗവർണറുടെ അഭിഭാഷകൻ വാദിച്ചത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. അനുബന്ധ രേഖകൾ കിട്ടാത്തത് റിപ്പോർട്ട് പരിശോധിക്കുന്നതിന് തടസമാകുന്നത് എങ്ങനെ? ഗവർണർ അടക്കം എല്ലാ കക്ഷികളുടെയും സമ്മതത്തോടെയാണ് കമ്മിറ്റിയെ നിയമിച്ചതെന്നും കൂട്ടിച്ചേർത്തു.
മെരിറ്റ് മുഖ്യമന്ത്രി
അവഗണിച്ചെന്ന് ഗവർണർ
മെരിറ്റ് പാടെ അവഗണിച്ചാണ് മുഖ്യമന്ത്രി മുൻഗണനാ പട്ടിക തയ്യാറാക്കിയതെന്ന് ഗവർണർ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ധൂലിയ കമ്മിറ്റി വി.സി നിയമനത്തിന് തയ്യാറാക്കിയ പാനലുകളിൽ സ്ഥാനംപിടിച്ച രണ്ടുപേർക്ക് മുഖ്യമന്ത്രി മുൻഗണന നൽകിയില്ല. യഥാർത്ഥത്തിൽ അവരാണ് വി.സിമാരാകാൻ യോഗ്യരെന്നും അറിയിച്ചു. സമിതിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ ജസ്റ്റിസ് ധൂലിയയ്‌ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. മുഴുവൻ രേഖകളും കൈമാറിയെന്നാണ് തന്റെ അറിവെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു.