കഠിന തടവ് ലഭിച്ച സ്ഥാനാർത്ഥി അപ്പീൽ നൽകി
തളിപ്പറമ്പ്: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂർ നഗരസഭയിലെ സി.പി.എം സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടു പേരും ഹൈക്കോടതിയിൽ അപ്പീൽ ഹർജി ഫയൽ ചെയ്തു. ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും പയ്യന്നൂർ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ സ്ഥാനാർത്ഥിയുമായ വി.കെ.നിഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.സി.വി നന്ദകുമാർ എന്നിവരാണ് അപ്പീൽ നൽകിയത്.
2012 ആഗസ്ത‌് ഒന്നിന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ ഷുക്കൂർ വധക്കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്തിഷേധത്തിനിടെയാണ് പയ്യന്നൂരിൽ വച്ച് എസ്.ഐയും പൊലീസുകാരും സഞ്ചരിച്ച വാഹനത്തിനെതിരെ ബോംബെറിഞ്ഞത്. കേസിൽ തളിപ്പറമ്പ അഡീ.സെഷൻസ് ജഡ്‌ജി കെ.എൻ പ്രശാന്ത് ഇരുവർക്കും 20 വർഷം കഠിനതടവ് വിധിക്കുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇരുവരും ശിക്ഷ റദ്ദാക്കാനും ജാമ്യത്തിനുമായാണ് ഹൈക്കോടതിയെ സമീപിച്ചത്. ജയിച്ചാലും ശിക്ഷ റദ്ദാക്കിയാലേ നിഷാദിന് നഗരസഭാംഗമായി തുടരാൻ സാധിക്കൂ. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ മുമ്പാകെ നൽകിയ ഹർജിയിൽ ഡിസംബർ എട്ടിനകം നിലപാടറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിഷാദ് ജയിലിലാണെങ്കിലും മൊട്ടമ്മൽ വാർഡിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാണ്. കോടതി പരിസരത്തു വച്ചും കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ വച്ചും ചിത്രീകരിച്ച റീലും മറ്റും ഉപയോഗിച്ചാണ് പ്രചരണം.