മലപ്പുറത്ത് സാമ്പാർ തിളയ്ക്കുന്നില്ല
മലപ്പുറം: മുസ്‌ലിം ലീഗിന്റെ കോട്ടയായി അറിയപ്പെടുമ്പോഴും സാമ്പാർ മുന്നണിയെന്ന വിചിത്ര പരീക്ഷണം വിജയിപ്പിച്ച ചരിത്രമുണ്ട് മലപ്പുറത്തിന്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഉറക്കം കെടുത്തിയ സാമ്പാർ ഇത്തവണ സജീവമല്ല.
സി.പി.എമ്മും കോൺഗ്രസും ഒരു പക്ഷത്തും ലീഗ് മറുപക്ഷത്തും നിലയുറപ്പിച്ചപ്പോൾ ഒരു ഡസനിലധികം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. ലീഗിനും കോൺഗ്രസിനും കോട്ടമുണ്ടായി. ഇടതിന് നേട്ടവും. ഇതാവർത്തിക്കാതിരിക്കാൻ സമവായ ചർച്ചകളുമായി യു.ഡി.എഫ് നേതൃത്വം രംഗത്തെത്തിയതോടെ ഇത്തവണ സ്ഥിതി താരതമമ്യേനെ ശാന്തമാണ്.ജില്ലാപഞ്ചായത്തിലെ 21 ഡിവിഷനുകളിൽ ലീഗും ആറിടത്ത് കോൺഗ്രസും അഞ്ചിടത്ത് സി.പി.എമ്മുമാണ്. 12 നഗരസഭകളിൽ ഒമ്പതിടത്തും യു.ഡി.എഫ് ഭരണസമിതിയും. മൂന്നിടത്ത് എൽ.ഡി.എഫും. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ പന്ത്രണ്ടിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും ഭരിക്കുന്നു. 94 ഗ്രാമപഞ്ചായത്തുകളിൽ എഴുപതിലും യു.ഡി.എഫാണ്. 24 ഇടത്ത് എൽ.ഡി.എഫും ഭരണം കൈയാളുന്നു.
മുസ്‌ലിം ലീഗിന് 1,072 ജനപ്രതിനിധികളുണ്ട്. സി.പി.എം 695, കോൺഗ്രസ് 450, സി.പി.ഐ 31, ബി.ജെ.പി 31, വെൽഫയർ പാർട്ടി 25 എന്നിങ്ങനെയും. മെമ്പർമാരുടെ എണ്ണം 1,200ന് മുകളിലെത്തിക്കുകയാണ് ലീഗിന്റെ ലക്ഷ്യം. നിലവിലെ സീറ്റുകൾ നിലനിറുത്തുന്നതിലാണ് സി.പി.എമ്മിന്റെ ശ്രദ്ധ. സാമ്പാർ മുന്നണി തിളയ്ക്കുന്നില്ല എന്നതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. വെൽഫെയർ പാർട്ടി ബന്ധമുയർത്തി വർഗീയ ശക്തികളോട് യു.ഡി.എഫ് സമരസപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയും ,സർക്കാറിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമാണ് എൽ.ഡി.എഫിന്റെ പ്രചാരണം.
പൊന്മുണ്ടത്തുണ്ട്
സാമ്പാർ
25 വർഷമായി മുസ്‌ലിം ലീഗ് ഭരണം കൈയാളുന്ന പൊന്മുണ്ടം പഞ്ചായത്തിൽ ഇത്തവണ ലീഗും വെൽഫയർ പാർട്ടിയും ഒരു ഭാഗത്തും കോൺഗ്രസ്, സി.പി.എം, സി.പി.ഐയും ഉൾക്കൊള്ളുന്ന സാമ്പാർ മുന്നണി മറു ഭാഗത്തും മത്സരിക്കുന്നു. പൊന്മുണ്ടത്തെ തർക്കമാണ് താനൂർ നിയമസഭ മണ്ഡലം ലീഗിന് നഷ്ടപ്പെടുത്തുന്നത്. യു.ഡി.എഫിലെ വോട്ടു ചോർച്ച ഇടതു സ്വതന്ത്രനായി മത്സരിച്ച മന്ത്രി വി.അബ്ദുറഹിമാനെ തുണച്ചു.