വീര്യം ചോരാതെ തളിക്കുളത്തെ വിമത സി.പി.എം
തൃശൂർ : സി.പി.എമ്മിനെ ഞെട്ടിച്ച് രൂപം കൊണ്ട തളിക്കുളത്തെ ജനമുന്നണി രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും തിരഞ്ഞെടുപ്പിൽ സജീവം. നേരത്തെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിച്ചെങ്കിലും ഇപ്പോൾ ആർ.എം.പി.ഐയുടെ ബാനറിൽ യു.ഡി.എഫുമായി സഹകരിച്ചാണ് മത്സരം.
തളിക്കുളം പഞ്ചായത്തിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ നൂറുകണക്കിന് പേരാണ് അന്ന് പാർട്ടി വിട്ടത്. 2003ൽ ഇ.പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് തളിക്കുളത്തെ ഭൂരിഭാഗം സി.പി.എം അംഗങ്ങളും അനുഭാവികളും പാർട്ടി നേതൃത്വത്തിന്റെ നയവ്യതിയാനത്തിൽ പ്രതിഷേധിച്ചാണ് വിമത സി.പി.എം രൂപീകരിച്ചത്. ജനമുന്നണിയെന്ന സംഘടന രൂപീകരിച്ചായിരുന്നു പ്രവർത്തനം. 2005ൽ നടന്ന തിരഞ്ഞെടുപ്പിൽ ' ജനമുന്നണി ' പഞ്ചായത്തിൽ അധികാരത്തിലെത്തി. അതുവരെ ഔദ്യോഗിക സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന എം.കെ.ബാബു
ജനമുന്നണിയുടെ പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ആ മേൽക്കൈ തുടരാനായില്ല. അന്ന് പാർട്ടി വിട്ടവരിൽ നിരവധി പേർ തിരിച്ചു പോയി. സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടന തിരിച്ചു വന്ന് ഭരണം പിടിക്കുകയും ചെയ്തു. ഇത്തവണ മൂന്ന് സീറ്റുകളിൽ ജനമുന്നണി യു.ഡി.എഫുമായി സഹകരിച്ച് മത്സരിക്കുമ്പോൾ ഒരു സീറ്റിൽ കോൺഗ്രസിനെതിരെ രംഗത്തുമുണ്ട്. ആർ.എം.പിക്ക് അനുവദിച്ച ചിഹ്നത്തിലാണ് മത്സരം.ജനമുന്നണിയിൽ നിന്ന് തിരിച്ച് സി.പി.എമ്മിലെത്തിയ ചിലർ ഇത്തവണ വീണ്ടും വിമതരായി മത്സരിക്കുന്നുണ്ട്.
കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുത്ത തളിക്കുളം സർവീസ് സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയെ പിളർത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവായിരുന്ന ടി.എൽ.സന്തോഷ് പ്രസിഡന്റായിരിക്കെ നിയമനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന അഭിമുഖം മാറ്റിവയ്ക്കണമെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നതോടെ സന്തോഷിനെ മാറ്റി എം.ആർ.അപ്പുവിനെ പ്രസിഡന്റാക്കിയെങ്കിലും സന്തോഷ് വിഭാഗത്തിനൊപ്പമായിരുന്നു അദ്ദേഹവും. പ്രശ്‌നം മൂർച്ഛിച്ചതോടെയാണ് 2003ൽ പാർട്ടി വിട്ട് ജനമുന്നണി രൂപീകരിച്ചത്. തുടർന്ന്, സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിജയിച്ചില്ല