രാഹുൽ കേസ് ഗതി കോടതി നിലപാടിൽ; ക്രൂരപീഡനമെന്ന് എഫ്.ഐ.ആർ

Saturday 29 November 2025 12:54 AM IST

തിരുവനന്തപുരം: ജീവപര്യന്തം തടവു കിട്ടാവുന്ന ബലാത്സംഗക്കുറ്റമുൾപ്പെടെ ചുമത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ കേസ്. പിന്നാലെ, ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമെന്നും രാഷ്ട്രീയഗൂഢാലോചനയെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ. നിർണായകം കോടതി നിലപാട്.

തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

രാഹുൽ ഒളിവിൽ തുടരുകയാണ്. സംസ്ഥാനം വിട്ടെന്ന് പൊലീസ്. റൂറൽ എസ്.പി കെ.എസ്.സുദർശനന്റെ നേതൃത്വത്തിൽ അഞ്ചരമണിക്കൂർ യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെ ഭാരതീയന്യായസംഹിതയിലെ ഏഴും ഐ.ടിആക്ടിലെ ഒന്നും വകുപ്പുചുമത്തിയാണ് വലിയമല പൊലീസ് ജാമ്യമില്ലാ കേസെടുത്തത്. ഗർഭച്ഛിദ്രത്തിന് മരുന്നെത്തിച്ച സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതിയാണ്. ബലാത്സംഗം നടന്നത് നേമം സ്റ്റേഷൻ പരിധിയിലായതിനാൽ എഫ്.ഐ.ആറും 20പേജുള്ള മൊഴിയുമടക്കം അവിടേക്ക് കൈമാറി.

സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ദീപക് ധൻകറിന്റെ മേൽനോട്ടത്തിൽ ഡി.സി.ആർ.ബി അസി.കമ്മിഷണർ ദിൻരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.നെയ്യാറ്റിൻകര മജിസ്ട്രേറ്റ്കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ രാജ്യംവിടാതിരിക്കാൻ ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് വിവരം കൈമാറി.

ഗർഭത്തിന് ഉത്തരവാദി

ഭർത്താവെന്ന് രാഹുൽ

ഗർഭത്തിന് അവരുടെ ഭർത്താവാണ് ഉത്തരവാദിയെന്നും ഗർഭച്ഛിദ്രം നടത്തിയത് യുവതിയുടെ ഇഷ്ടപ്രകാരമാണെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. ഭർത്താവ് ബി.ജെ.പി നേതാവാണെന്നും പരാതിക്ക് പിന്നിൽ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്നും വാദം . തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത് ദുരൂഹമാണെന്നും ജാമ്യഹർജിയിലുണ്ട്.

തിരുവനന്തപുരത്തും

പാലക്കാട്ടും പീഡിപ്പിച്ചു

(എഫ്.ഐ.ആർ)

2025മാർച്ച് നാലിന് പരാതിക്കാരിയുടെ തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ പീഡിപ്പിച്ചു.

17ന് ഫ്ലാറ്റിൽവച്ച് ഭീഷണിപ്പെടുത്തി നഗ്നവീഡിയോ പകർത്തി. ജീവിതം നശിപ്പിക്കുമെന്ന് ഭീഷണി.

ഗർഭിണിയായശേഷം ഏപ്രിൽ 22ന് ഫ്ലാറ്റിൽ വച്ചും മേയ് അവസാന ആഴ്ചയിലെ രണ്ടു ദിവസം രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലും പീഡിപ്പിച്ചു

 ജോബിജോസഫ് മേയ് 30ന് കൈമനത്ത് നിന്ന് ചുവന്ന കാറിൽ കയറ്റി ഗർഭച്ഛിദ്രം നടത്താനുള്ള ഗുളിക കൈമാറി.

രാഹുൽ നിർബന്ധിപ്പിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തി.

ജീവപര്യന്തം വരെ

കിട്ടാവുന്ന കുറ്റങ്ങൾ

ബി.എൻ.എസ്- 64(2)(എഫ്)

വിശ്വാസം മുതലെടുത്ത് തുടർച്ചയായ ബലാത്സംഗം. 10വർഷം തടവ് മുതൽ ജീവപര്യന്തം വരെ.

64(2)(എച്ച്)

ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം. ജീവപര്യന്തം വരെ.

64(2)(എം)

തുടർച്ചയായ ബലാത്സംഗം. 10 വർഷംമുതൽ ജീവപര്യന്തം വരെ

ബി.എൻ.എസ്- 89

നിർബന്ധിച്ചുള്ള ഗർഭഛിദ്രം. 10വർഷംതടവ്, ജീവപര്യന്തം.

115(2)

മർദ്ദനം, ഭീഷണി, വേദനിപ്പിക്കൽ. ഒരുവർഷം തടവ്, പതിനായിരം രൂപ പിഴ.

351(3)

ഭീഷണി. ഏഴുവർഷം തടവും പിഴയും

ബി.എൻ.എസ് 3(5)

കുറ്റകൃത്യത്തിൽ ഒന്നിലേറെപ്പേർ. ജോബി പ്രതി

ഐ.ടിആക്ട് 66(ഇ)

സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി.മൂന്നുവർഷംതടവും 2ലക്ഷംരൂപ പിഴയും