പോസ്റ്ററടി വൈകി; പ്രസ് ഉടമയ്ക്ക് ഇടി

Saturday 29 November 2025 12:55 AM IST

കൊച്ചി: പോസ്റ്റർ പ്രിന്റുചെയ്ത് നൽകാൻ വൈകിയതിന് പ്രസ് ഉടമയെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അനുയായികൾ ഇടിച്ചു പഞ്ചറാക്കി. 25ന് രാത്രി എറണാകുളത്താണ് സംഭവം. മൂന്ന് പേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. കൊച്ചി കോർപ്പറേഷനിലേക്കാണ് സ്വതന്ത്രൻ മത്സരിക്കുന്നത്. സംഭവദിവസം രാവിലെ സ്ഥാനാർത്ഥിയും അനുയായികളും സ്ഥാപനത്തിലെത്തി പോസ്റ്ററുകൾക്ക് ഓർഡർ നൽകി. നിശ്ചിതതുകയും കൈമാറി. ഉച്ചയോടെ അനുയായികളെത്തി ഡിസൈൻ ഉറപ്പിച്ചു. സ്ഥാപനഉടമ ഏതാനും പോസ്റ്ററുകൾ അടിച്ച് കൊടുത്തുവിട്ടു. വൈകിട്ടോടെ വീണ്ടുമെത്തിയ അണികൾ ഡിസൈനിൽ മാറ്റമാവശ്യപ്പെട്ടു. അപ്പോഴേക്കും പറഞ്ഞുറപ്പിച്ച അത്രയും പോസ്റ്ററിനുള്ള സജ്ജീകരണങ്ങൾ തയ്യാറായിരുന്നു.

കുറച്ച് തുകകൂടി നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്ന സ്ഥാപനഉടമയുടെ ആവശ്യം അണികൾ അംഗീകരിച്ചു. രാത്രി 11ന് എത്തിയാൽ കുറച്ച് പോസ്റ്ററുകൾ തന്നുവിടാമെന്ന് വാക്കുനൽകി അവരെ മടക്കി. അണികൾ എത്തുമ്പോൾ പ്രിന്റിംഗ് നടക്കുകയായിരുന്നു. പൂർത്തിയാകാൻ പുലർച്ചെ മൂന്നാകുമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിലായിരുന്നു വാക്കുതർക്കം മർദ്ദനവും. കമ്പ്യൂട്ടറിനും കേടുവരുത്തിയെന്നും 24000 രൂപ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.