ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ആഘോഷിക്കും

Saturday 29 November 2025 12:04 AM IST

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ദേവസ്വംവക ഉദയാസ്തമയ പൂജയോടെ സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു. ഏകാദശി ദിവസം ഉദയാസ്തമയ പൂജ മാറ്റിവയ്ക്കുന്നത് ദേവന് ഹിതമാണെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞിട്ടുള്ളതായി ക്ഷേത്രം തന്ത്രി രേഖാമൂലം ദേവസ്വം ഭരണസമിതിയെ അറിയിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി നിർദ്ദേശമുള്ളതിനാൽ ഉദയാസ്തമയ പൂജ നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഏകാദശി നാളിൽ പൊതുവരിയിൽ നിൽക്കുന്ന ഭക്തർക്ക് ദർശനത്തിന് ഇത്തവണയും പ്രഥമപരിഗണന നൽകും. രാവിലെ 5 മുതൽ വൈകിട്ട് 5വരെ സ്‌പെഷ്യൽ ദർശനം അനുവദിക്കില്ല. ക്ഷേത്രമതിലകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30ന് തുടങ്ങി 4.30ന് അവസാനിക്കും.