കശുഅണ്ടി കേസ് സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം കോടതിഅലക്ഷ്യ വിഷയത്തിൽ
കൊച്ചി: കാഷ്യു കോർപ്പറേഷനുമായി ബന്ധപ്പെട്ട കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിലെ കോടതിഅലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തെ വിമർശിച്ച് ഹൈക്കോടതി. മുൻകാല ഉത്തരവുകൾ വന്നപ്പോൾ എതിർക്കാത്ത സർക്കാരിന് ഇതിൽനിന്ന് പുറത്തുകടക്കാനാകുന്നത് എങ്ങനെയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
പുനഃപരിശോധനയ്ക്ക് പല അവസരങ്ങൾ നൽകിയിട്ടും സർക്കാർ അത് ദുരുപയോഗം ചെയ്യുകയായിരുന്നില്ലേ എന്നും വിമർശിച്ചു. കോടതിഅലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അധിക സത്യവാങ്മൂലം ബെഞ്ചിൽ എത്താൻ വൈകിയതിനാൽ കേസ് ഡിസംബർ 8ലേക്ക് മാറ്റി. സർക്കാരിന്റെ തീരുമാനം മനസിരുത്തിയാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. എന്നാൽ, ഈ നിലപാട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
കേസിലെ പ്രതികളായ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ എം.ഡി കെ.എ. രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതിക്കായി സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ പോസിറ്റീവായി പരിഗണിക്കണമെന്ന് കോടതി നേരത്തേ ഇടക്കാല ഉത്തരവുകളിലൂടെ നിർദ്ദേശിച്ചിരുന്നു. എന്നാൽ, അപേക്ഷ മൂന്നുതവണ തള്ളിയതിനെ തുടർന്ന് ഇടതുപക്ഷ സർക്കാർ അഴിമതിക്കാരുടെ രക്ഷയ്ക്കായി നിലകൊള്ളുകയാണോയെന്നും കോടതി വിമർശിച്ചിരുന്നു.
കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് ഉപഹർജി നൽകിയത്. അപേക്ഷ തള്ളിയതിൽ എതിർപ്പുള്ളവർ പുതിയ ഹർജി നൽകുകയാണ് വേണ്ടതെന്നാണ് വ്യവസായവകുപ്പിന്റെ അധിക സത്യവാങ്മൂലത്തിൽ പറയുന്നത്.