ബി.എൽ.ഒയെ മർദ്ദിച്ച കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി റിമാൻഡിൽ

Saturday 29 November 2025 12:08 AM IST

കാസർകോട് :ദേലമ്പാടി പഞ്ചായത്തിലെ എട്ടാംവാർഡ് ബൂത്ത് ലെവൽ ഓഫീസർ പി.അജിത്തിനെ മർദ്ദിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ സി.പി.എം പാണ്ടി ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ.സുരേന്ദ്രനെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ബി.എൽ.ഒയുടെ പരാതിയിൽ ആദൂർ പൊലീസാണ് സുരേന്ദ്രനെ അറസ്റ്റുചെയ്തത്.ബിവറേജ് കോർപ്പറേഷൻ ബന്തടുക്ക ഔട്ട് ലൈറ്റിലെ എൽ.ഡി ക്ലർക്കാണ് അജിത്ത്. പയറടുക്കയിൽ നടന്ന തീവ്ര വോട്ടർ പട്ടിക പുനപരിശോധനാ ക്യാമ്പിനിടെയാണ് ബി.എൽ.ഒ കൈയേറ്റത്തിനിരയായത്.വാർഡിലെ ഒരു വീട്ടിലുള്ള വോട്ടറുടെ ഫോം അയൽവീട്ടിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഈ വോട്ടർക്ക് ഫോം നൽകിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ സുരേന്ദ്രൻ കയർത്ത് സംസാരിക്കുകയും എതിർത്തപ്പോൾ മർദ്ദിച്ചുവെന്നുമാണ് അജിത്ത് നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം ഐ.എസ്.ആർ ക്യാമ്പിൽ വാക്കുതർക്കം മാത്രമാണുണ്ടായതെന്ന് സി. പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിജി മാത്യു വ്യക്തമാക്കി.പയറടുക്ക ബൂത്തിലെ ഏകദേശം 60 ശതമാനം ഫോമുകൾ പൂരിപ്പിക്കാനോ അപ്‌ലോഡ് ചെയ്യാനോ ബാക്കിയുള്ളതിനാൽ ഇതുസംബന്ധിച്ച് സുരേന്ദ്രൻ ചോദിച്ചപ്പോൾ ബി.എൽ.ഒ മോശമായി പെരുമാറുകയായിരുന്നു.ബി.എൽ.ഒക്കെതിരെ മർദനമോ ശാരീരികാക്രമണമോ ഉണ്ടായിട്ടില്ല.ബൂത്തിലെ എസ്.ഐ.ആർ പ്രവർത്തനത്തിലെ അനാസ്ഥയാണ് വിഷയത്തിനു കാരണമായതെന്നും സിജി മാത്യു വിശദീകരിച്ചു.