മിന്നൽ പരിശോധന: നിരോധിത വസ്‌തുക്കൾ ലഭിച്ച സ്ഥാപനങ്ങൾക്ക് ചുമത്തിയത് 10,000 രൂപ പിഴ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിന്റിങ് പ്രസ്സുകളിൽ മിന്നൽ പരിശോധന തുടരുന്നു. കോർപറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിന്റിങ്ങിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു.
പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു ജയറാം, ഇ പി ഷൈലേഷ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിന്റിങ്ങിന് ഉപയോഗിക്കരുതെന്നും എല്ലാ അസംസ്‌കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.