ഗുഡ്സ് ട്രെയിൻ എൻജിൻ ഷണ്ടിംഗിനിടെ പാളംതെറ്റി

Saturday 29 November 2025 12:09 AM IST

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷന് സമീപം ഷണ്ടിംഗിനിടെ ഗുഡ്സ് ട്രെയിനിന്റെ എൻജിൻ പാളംതെറ്റി ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം താറുമാറായി. ഡീസൽ ലോക്കോമോട്ടീവാണ് അപകടത്തിൽപ്പെട്ടത്.

പാളം അവസാനിക്കുന്ന ഭാഗത്തെ ഇരുമ്പു ബഫർ തകർത്ത് മുന്നോട്ടുനീങ്ങിയ എൻജിൻ റെയിൽവേയുടെ വൈദ്യുതി പോസ്റ്റ് തകർത്താണ് നിന്നത്. ലോക്കോയുടെ മുൻവശത്തെ ചക്രങ്ങൾ പാളം തെറ്റിയെങ്കിലും വാഗണുകൾ അപകടത്തിൽപ്പെട്ടില്ല. പാളത്തിന്റെ സ്ലീപ്പറുകൾ ഉൾപ്പെടെ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെയായിരുന്നു അപകടം. തിരക്കേറിയ സമയത്തുണ്ടായ അപകടം ദീർഘദൂര ട്രെയിൻ യാത്രക്കാരെ വലച്ചു.

എഫ്.എ.സി.ടിയിൽനിന്ന് വളവുമായി ആന്ധ്രയിലേക്ക് പോകേണ്ട ട്രെയിനായിരുന്നു . 10 വാഗണുകളുമായിട്ടായിരുന്നു ഷണ്ടിംഗ്. കൂടുതൽ വാഗണുകൾ ഘടിപ്പിക്കാൻ ഷണ്ടിംഗ് തുടരുന്നതിനിടെയാണ് പാളം തെറ്റിയത്. അപകടമുണ്ടായ ഭാഗത്ത് പാളത്തിലെ പോയിന്റ്സ് ആൻഡ് ക്രോസിംഗിൽ എൻജിന്റെ ചക്രങ്ങൾ ലോക്കായതാണ് അപകട കാരണമെന്ന് റെയിൽവേ അറിയിച്ചു. ലോക്കോമോട്ടീവിന്റെ സാങ്കേതിക തകരാറാണ് ഇതിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് അൽപ്പനേരത്തേക്ക് വൈദ്യുതി പ്രസരണം തടസപ്പെട്ടെങ്കിലും വൈകാതെ പുനഃസ്ഥാപിച്ചു.

അപകടമുണ്ടായ പാളത്തിന് സമീപത്തെ തൃശൂർ ഭാഗത്തേക്കുള്ള അപ്‌ലൈനിനോട് ചേർന്ന് എൻജിൻ ചരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ അപകടസാദ്ധ്യത കണക്കിലെടുത്ത് ഇരട്ടപ്പാതയിൽ ഗതാഗതം നിറുത്തി വച്ചു. മൂന്നര മണിക്കൂർനീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ വൈകിട്ട് 5.45 ഓടെ ഇരട്ടപ്പാതകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കി 6.23 മുതലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഇരട്ടപ്പാതയിലെ ഡൗൺലൈനിലൂടെ ഇരുഭാഗത്തേക്കും ട്രെയിനുകൾ കടത്തിവിട്ടു. വൈകിട്ട് നാലിന് എറണാകുളം - ബംഗളൂരു വന്ദേഭാരതാണ് 40 മിനിറ്റ് വൈകി ആദ്യം കടത്തിവിട്ടത്. തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള എറനാട് എക്സ്‌പ്രസും തിരുവനന്തപുരം ഇൻഡോർ എക്സ്‌പ്രസും കടന്നുപോയി. കന്യാകുമാരി - പൂന, ചെന്നൈ-ആലപ്പുഴ, ഡൽഹി - തിരുവനന്തപുരം കേരള എക്സ്‌പ്രസ്, ബംഗളൂരു- എറണാകുളം ഇന്റർസിറ്റി ഉൾപ്പെടെ ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. എറണാകുളം-പാലക്കാട് മെമു സർവീസ് റദ്ദാക്കി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി, വേണാട് എക്സ്‌പ്രസുകളും വൈകിയോടി.