ക്രിസ്മസ് ട്രീകളുമായി കൃഷി വകുപ്പ്

Saturday 29 November 2025 12:10 AM IST

തിരുവനന്തപുരം:ക്രിസ്മസ് കഴിഞ്ഞാലും വീട്ടുമുറ്റത്ത് ജീവനുള്ള ക്രിസ്മസ് ട്രീകളുമായി കൃഷി വകുപ്പ്. പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് വിവിധ ഫാമുകൾ മുഖേന ജീവനുള്ള ക്രിസ്മസ് ട്രീകൾ ലഭ്യമാക്കുന്നു.

അക്കേറിയ, തൂജാ, ഗോൾഡൻ സൈപ്രസ് എന്നിങ്ങനെയുള്ള നിത്യഹരിത അലങ്കാര വൃക്ഷങ്ങളാണിത് . വർഷം മുഴുവൻ വീടുകളുടെ പൂന്തോട്ടങ്ങളെ ഹരിതാഭമാക്കാം. പൈൻ മരത്തെപ്പോലെ കോണാകൃതിയിൽ വളരുന്ന മരങ്ങളിൽ തട്ടുതട്ടായി ശാഖകൾ ഉണ്ടാകുന്ന അക്കേറിയ, ഇളം പച്ച നിറത്തിലുള്ള ഗോൾഡൻ സൈപ്രസ്, വളരെ കുറഞ്ഞ പരിചരണം ആവശ്യമുള്ള പിരമിഡ് ആകൃതിയിൽ വളരുന്ന തൂജ എന്നീ ഇനങ്ങൾ ലാന്റ്സ്‌കേപ്പുകൾക്ക് അനുയോജ്യവും, ചെറിയ ചെടികൾ അകത്തളങ്ങൾക്ക് അലങ്കാരവുമാകും. വിവിധ ജില്ലകളിലെ 25 ഫാമുകളിലായി രണ്ടായിത്തോളം ക്രിസ്മസ് ട്രീകൾ സജ്ജമാക്കിയിട്ടുണ്ട്. തൈകൾ എച്ച്.ഡി.പി.ഇ/ മൺചട്ടി എന്നിവയിലാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.ഗോൾഡൻ സൈപ്രസ് മൂന്നടി ഉയരം (എച്ച്.ഡി.പി.ഇ ചട്ടിയിൽ) 300 രൂപ.തൂജ രണ്ട് വർഷം പ്രായമായത് (മൺചട്ടിയിൽ) 500 രൂപ. അക്കേറിയ നാലടി ഉയരം (മൺചട്ടിയിൽ) 400 രൂപ