പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം
□ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ്
തിരുവനന്തപുരം: 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിവിധ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26 നകം പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവ് ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നു.
പി.എസ്.സി മുഖേന നികത്തപ്പെടേണ്ട ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കുലറിലുള്ളത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് വിവിധ റാങ്ക് ലിസ്റ്റുകളിൽ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് പേർക്കാണ് പ്രതീക്ഷയാകുന്നത്. മുൻ വർഷങ്ങളിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തത് പതിവായതോടെയാണ് സർക്കുലറായി ഉത്തരവിറക്കിയത്.
പ്രധാന
നിർദേശങ്ങൾ:
റാങ്ക് ലിസ്‌റ്റ് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം ബന്ധപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നു തന്നെ നികത്തണം.
എൻ.ജെ.ഡി ഒഴിവുകൾ നിശ്ചിത പ്രവേശന സമയം കഴിഞ്ഞാലുടൻ പി.എസ്.സിക്കു റിപ്പോർട്ട് ചെയ്യണം.
സ്‌ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ ഏതു ജില്ലയിലാണ് എൻട്രി കേഡർ തസ്‌തികയിൽ ഒഴിവുണ്ടാവുക എന്നത് സീനിയോറിറ്റി ലിസ്‌റ്റിന്റെ അടിസ്‌ഥാനത്തിൽ കണക്കാക്കി വകുപ്പു തലവൻ ജില്ലാ ഓഫിസറെ അറിയിക്കണം.
ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, ഡെപ്യൂട്ടേഷൻ ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പി.എസ്.സി ക്കു റിപ്പോർട്ട് ചെയ്യണം.
പി.എസ്.സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം/സ്‌ഥലംമാറ്റം എന്നിവയിലൂടെ നികത്തരുത്.