ശ്രീനാരായണഗുരു ഓപ്പൺ യൂണി. കലോത്സവത്തിന് തിരി തെളിഞ്ഞു
കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി. ഇന്നലെ വൈകിട്ട് ഘോഷയാത്രയ്ക്ക് ശേഷം പ്രധാന വേദിയിൽ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി കലോത്സവത്തിന് തിരി തെളിച്ചു. വൈസ് ചാൻസലർ ഡോ.വി.പി.ജഗതീരാജ് അദ്ധ്യക്ഷത വഹിച്ചു. ഗായകനും എഴുത്തുകാരനുമായ വി.ടി.മുരളിയും നാടക-ചലച്ചിത്ര നടി നിലമ്പൂർ ആയിഷയും മുഖ്യാതിഥികളായി.
സിൻഡിക്കേറ്റ് മെമ്പർമാരായ വി.പി.പ്രശാന്ത്, ഡോ.എ.ബാലകൃഷ്ണൻ, ജി.സുഗുണൻ, ഡോ.എം.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനറും സിൻഡിക്കേറ്റ് മെമ്പറുമായ ഡോ.സി.ഉദയകല സ്വാഗതവും റീജിയണൽ ഡയറക്ടർ ഡോ.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. സിൻഡിക്കേറ്റ് മെമ്പർ ഡോ.റെനി സെബാസ്റ്റ്യൻ, രജിസ്ട്രാർ ഡോ.ആർ.ഐ.ബിജു, സൈബർ കൺട്രോളർ ടി.ബിജുമോൻ എന്നിവരും പങ്കെടുത്തു
കല അതിജീവന
മരുന്ന്:കൈതപ്രം
കല അതിജീവനത്തിന്റെ മരുന്നാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കഷ്ടതകളെ അതിജീവിച്ചാണ് താൻ ഇപ്പോഴും മുന്നോട്ടുപോകുന്നത്. മരുന്നു കൊണ്ട് മാത്രമല്ല, കലാകാരനെന്ന ധൈര്യമാണ് മുന്നോട്ട് നയിക്കുന്നത്. കോഴിക്കോട് കലയ്ക്ക് വലിയ വേരോട്ടമുള്ള സ്ഥലമാണ്. ആസ്വദിക്കുന്നവരും സ്നേഹിക്കുന്നവരും ഏറെയുള്ളതിനാൽ തന്റെ കലാജീവിതത്തിന്റെ നല്ലൊരു പങ്കും കോഴിക്കോട്ടാണ്. ബഷീറും ബാബുക്കയുമടക്കമുള്ളവരോടൊപ്പം ജീവിച്ചതിന്റെ ഊർജ്ജം ചെറുതല്ല. ജീവിതത്തിൽ ലഹരി ഉപയോഗിച്ചിട്ടില്ല. ആധുനികവും പുരാതനവുമായ ലഹരി വസ്തുക്കൾ സജീവമാണ്. അതിൽ വീണു പോകാതിരിക്കാൻ കലയെ കൂട്ടു പിടിക്കണം, ഒപ്പം വായന വേണം, കാണുകയും കേൾക്കുകയും വേണം.