സംസ്ഥാനത്ത് ശൈത്യക്കാലം തുടങ്ങി
തിരുവനന്തപുരം: മഴ വിട്ടുമാറിയില്ലെങ്കിലും സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറിൽ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറിൽ 6.2 ഡിഗ്രി സെൽഷ്യസായാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും ഇതേ സ്ഥിതിയാണ്. രാവിലെ 6.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് തുടർച്ചയായ ദിവസങ്ങളിൽ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ,മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി.
ഇടുക്കി,വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട,തിരുവനന്തപുരം,പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തി. തീർത്ഥാടകരെത്തുന്ന ശബരിമലയിൽ രാത്രി താപനില 17ഡിഗ്രിസെലിഷ്യസാണ്. പകൽ 28ഡിഗ്രിയാണ്. ഡിസംബർ ആകുന്നതോടെ ഇനിയും കൂടും.
നവംബർ അവസാനത്തോടെയാണ് വയനാടൻ പുലരികൾ മഞ്ഞണിയാറുള്ളതെങ്കിലും ഇത്തവണ നവംബർ ആദ്യവാരത്തോടെ മഞ്ഞെത്തി. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിലെ കുറഞ്ഞ താപനില 18 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. കഴിഞ്ഞ നവംബറിൽ കുറഞ്ഞ താപനില യഥാക്രമം 17 മുതൽ 19 വരെയായിരുന്നെങ്കിൽ കൂടിയ താപനില 22 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്.