കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് ഉത്സവത്തിന് സമാപനം

Saturday 29 November 2025 12:31 AM IST

ചവറ: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന് സമാപനം. സമ്മേളനം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഈശ്വര മഹിമയെ തിരിച്ചറിയാനുള്ള കാലമാണ് വ്രതാനുഷ്ഠാന നാളുകളെന്നും ആരാധനാലയങ്ങൾ നന്മയുടെ മാതൃകകളായി പ്രവർത്തിക്കണമെന്നും സ്വാമി പറഞ്ഞു.

ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി.അനിൽ ജോയ് അദ്ധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി സൂക്ഷ്മാമൃത ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല തുടങ്ങിയവർ സംസാരിച്ചു.

ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.ജി.നടരാജൻ ജ്യോത്സ്യർ സ്വാഗതവും ട്രഷറർ ആർ.സത്യനേശൻ നന്ദിയും പറഞ്ഞു.

രാത്രി 10.30 തിരുമുടി എഴുന്നള്ളത്ത് ഭജനകുടിലുകളിലെത്തി അനുഗ്രഹം ചൊരിഞ്ഞു. ക്ഷേത്രത്തിന് തെക്ക് കടലോരത്ത് പ്രത്യേകം തയ്യാറാക്കിയ കുരുത്തോല പന്തലിൽ തിരുമുടി ആറാട്ടിനുള്ള വിശേഷാൽ പൂജകൾ നടന്നു. തുടർന്ന് തൃക്കൊടി ഇറക്ക്, വടക്ക് പുറത്ത് ഗുരുതി, മംഗളാരതി, നടയടയ്ക്കൽ. ഇന്ന് ക്ഷേത്രത്തിൽ വൈകിട്ട് 5നു ശേഷമേ ദർശനം ഉണ്ടായിരിക്കൂവെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.സജി അറിയിച്ചു.