അദ്ധ്യാപക,​ പ്രിൻസിപ്പൽ സ്ഥലംമാറ്റം: ഡിസം. മൂന്നിന് കരടിൽമേൽ ചർച്ച

Saturday 29 November 2025 12:36 AM IST

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ ഹയർസെക്കൻഡറി അദ്ധ്യാപക,​ പ്രിൻസിപ്പൽ സ്ഥലം മാറ്റത്തിനുള്ള പുതിയ മാനദണ്ഡങ്ങളുടെ കരടായി. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ മാനദണ്ഡപ്രകാരമായിരിക്കും സ്ഥലംമാറ്റം. ഡിസംബർ മൂന്നിന് അദ്ധ്യാപക സംഘടനകളുടെ യോഗം ചേർന്ന്‌ കരട്‌ ചർച്ച ചെയ്യും. യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ മാനദണ്ഡം നിശ്ചയിക്കുക.

കോടതി നിർദ്ദേശത്തെ തുടർന്ന് നടപടി. നിലവിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന്‌ പ്രത്യേക മാനദണ്ഡം ഇല്ലായിരുന്നു. പ്രിൻസിപ്പൽമാരുടെ സ്ഥലമാറ്റവും ഓൺലൈനായി നടത്തണമെന്നും മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഹയർസെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കണമെന്ന്‌ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദ്ദേശവുമുണ്ട്‌.

 സർവീസ് കാലാവധിക്ക്

പ്രത്യേക മാനദണ്ഡം

ഹോം സ്‌റ്റേഷനിൽ അഞ്ച്‌ വർഷം തുടർച്ചയായി സർവീസ്‌ പൂർത്തിയാക്കുന്ന അദ്ധ്യാപകരുടെ മുൻകാല ഒ‍ൗട്ട്‌സ്‌റ്റേഷൻ സർവീസ്‌ വെയിറ്റേജ്‌, ഹോം സ്‌റ്റേഷൻ വിഭാഗത്തിലേക്ക്‌ മാത്രം രണ്ട് വർഷത്തേക്ക്‌ പൂജ്യമായി കണക്കാക്കും. ഇ‍ൗ കാലയളവിന്‌ ശേഷം പുനഃസ്ഥാപിക്കുമെന്ന ശുപാർശയാണ് പ്രധാനമായും കരടിലുള്ളത്.

സർക്കാർ ഹയർസെക്കൻഡറി അദ്ധ്യാപകരുടെ ഹോം സ്‌റ്റേഷൻ പി.എസ്‌.സി അഡ്വൈസ്‌ മെമ്മോയിലെ റവന്യൂ ജില്ല ആയിരിക്കും. പ്രിൻസിപ്പൽമാർക്ക്‌ സ്വന്തം ജില്ല, അല്ലെങ്കിൽ സ്വയം തിരഞ്ഞെടുക്കുന്ന ജില്ലയും. അദ്ധ്യാപകർക്ക്‌ രേഖകളുടെ അടിസ്ഥാനത്തിൽ ഹോം സ്‌റ്റേഷൻ ഒരിക്കൽ മാറ്റാം. പിന്നീട്‌ ആദ്യ ഹോം സ്‌റ്റേഷൻ ഒ‍ൗട്ട്‌ സ്‌റ്റേഷൻ ആയി പരിഗണിക്കും. ഹോം സ്‌റ്റേഷനിൽ നിന്ന്‌ 401 കിലോ മീറ്ററിലധികം മാറി ജോലി ചെയ്യുന്നവരുടെ സേവനം ഒരു വർഷം എന്നത്‌ ഒന്നര വർഷമായി കണക്കാക്കും. പൊതുസ്ഥലം മാറ്റത്തിന്‌ ലഭ്യമായ ഒഴിവുകളിൽ (ഓപ്പൺ വേക്കൻസി) മൂന്നു വർഷം അതാത്‌ തസ്‌തികയിൽ റഗുലർ സർവീസ്‌ പൂർത്തിയാക്കിയവർക്ക്‌ അപേക്ഷിക്കാം. പ്രിൻസിപ്പൽ തസ്‌തികയിൽ ആണെങ്കിൽ ഒരു വർഷം പൂർത്തിയാക്കിയാൽ അപേക്ഷ നൽകാം.