ഡിസംബർ നാലിന് ഈ താലൂക്കുകളിൽ പ്രാദേശിക അവധി,​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

Friday 28 November 2025 10:48 PM IST

ആലപ്പുഴ : ചക്കുളത്ത് കാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ നാല് വ്യാഴാഴ്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട്,​ ചെങ്ങന്നൂർ,​ മാവേലിക്കര,​ അമ്പലപ്പുഴ താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. പൊതു പരീക്ഷകളും മുൻ നിശ്ചയപ്രകാരം നടക്കും.

വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിലാണ് ചക്കുളത്ത് കാവിൽ പൊങ്കാല അർപ്പിക്കുന്നത്. അഭീഷ്ട കാര്യ സിദ്ധി,​ മംഗല്യ ഭാഗ്യം,​ ഐശ്വര്യ പ്രാപ്തി എന്നിവയ്ക്കായാണ് ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാല ഇടുന്നതെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട്,​ കർണാടക,​ ആന്ധ്രപ്രദേശ്,​ തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ പൊങ്കാലയിടാൻ എത്താറുണ്ട്. ഭക്തരുടെ സൗകര്യാർത്ഥം സ്ഥിരം സർവീസിന് പുറമേ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആ‍ർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തും. ഭക്തരുടെ സഹായത്തിന് വിവിധ ഇൻഫർമേഷൻ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.