ശിശുരോഗ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം

Saturday 29 November 2025 12:53 AM IST

തിരുവനന്തപുരം: ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) 54-ാം സംസ്ഥാന സമ്മേളനം 'കേരള പെഡിക്കോൺ- 25" തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും നഗരത്തിലെ 9 ആശുപത്രികളിലും റുമറ്റോളജി, നിയോനാറ്റോളജി, കാർഡിയോളജി തുടങ്ങിയ വിഷയങ്ങളിൽ 15ഓളം ശില്പശാലകൾ സംഘടിപ്പിച്ചു. ശില്പശാല എസ്.എ.ടി ആശുപത്രിയിൽ ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഐ.റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ഡോ. ഡി.കൽപന അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർപേഴ്‌സൺ ഡോ. എസ്.ഗീത, സെക്രട്ടറിമാരായ ഡോ. കെ.എസ്.പ്രവീൺ, ഡോ. ബെന്നോ ആൻഡ്രൂ, തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ഡോ. ശ്രീജിത് കുമാർ.കെ.സി, ഡോ. ശങ്കർ.വി.എച്ച്, ഡോ. ബെന്നറ്റ് സൈലം എന്നിവർ സംസാരിച്ചു.

കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി.നായർ ഉദ്ഘാടനം ചെയ്യും. ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഐ.റിയാസ് അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറൽ ഡോ. യോഗേഷ് പരീഖ് മുഖ്യപ്രഭാഷണം നടത്തും. ഐ.എ.പി കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംസ്ഥാനത്തെ മുതിർന്ന ശിശുരോഗ വിദഗ്ദ്ധരെ ആദരിക്കലും നടക്കും. രാജ്യത്തെ 1,500ഓളം ശിശുരോഗ വിദഗ്ദ്ധരും 250ഓളം പി.ജി വിദ്യാർത്ഥികളും പങ്കെടുക്കും.