ആഭ്യന്തര ഉപഭോഗ കരുത്തിൽ മുന്നേറ്റം
ജി.ഡി.പി വളർച്ചയിൽ ഇന്ത്യ ഒന്നാമത്
കൊച്ചി: ആഭ്യന്തര ഉപഭോഗത്തിലെ ഉണർവും ഉത്സവകാലത്തിന് മുന്നോടിയായി മാനുഫാക്ചറിംഗ് രംഗത്തെ ഉത്പാദന വർദ്ധനയും നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയ്ക്ക് കരുത്ത് പകർന്നു. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ ലോകത്തിൽ ഏറ്റവും മികച്ച വളർച്ച നിരക്ക് കൈവരിക്കുന്ന രാജ്യമെന്ന പദവി ഇന്ത്യ നിലനിറുത്തുമെന്ന് ഉറപ്പായി. വ്യാവസായിക ഉത്പാദനത്തിനൊപ്പം ധനകാര്യ, റിയൽറ്റി, പ്രൊഫഷണൽ സേവന മേഖലകളിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. കാലാവസ്ഥ വ്യതിയാനവും ഉത്പാദനത്തിലെ ഇടിവും മറികടന്ന് രാജ്യത്തെ കാർഷിക മേഖലയും മികച്ച വളർച്ചയാണ് അവലോകന കാലയളവിൽ നേടിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവയുടെ പ്രത്യാഘാതം മറികടക്കുന്നതിന് ചരക്ക് സേവന നികുതിയിൽ(ജി.എസ്.ടി) കേന്ദ്ര സർക്കാർ വരുത്തിയ ഗണ്യമായ ഇളവിന്റെ നേട്ടം വിപണിയിൽ പൂർണമായും പ്രതിഫലിക്കുന്നതിന് മുൻപ് മികച്ച വളർച്ച നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നികുതി ഇളവിന്റെ നേട്ടം പൂർണമായി പ്രതിഫലിക്കുന്നതോടെ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വളർച്ച ഒൻപതു ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രവചനങ്ങളെ കാറ്റിൽ പറത്തി
റിസർവ് ബാങ്ക് അടക്കമുള്ള ഏജൻസികൾ പ്രവചിച്ചതിലും ഉയർന്ന വളർച്ച നേടിയതാണ് നിക്ഷേപകർക്ക് ആവേശം പകരുന്നത്. ഉത്സവ കാലയളവിന് മുന്നോടിയായി കമ്പനികൾ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ചതും നേട്ടമായി. ജി.ഡി.പി കണക്കാക്കുന്നതിൽ 57 ശതമാനം വിഹിതമുള്ള സ്വകാര്യ ഉപഭോക്തൃ ചെലവുകളിൽ വളർച്ച 7.9 ശതമാനമായി ഉയർന്നു. ഗ്രാമീണ ഉപഭോഗത്തിൽ മികച്ച ഉണർവുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വളർച്ചയ്ക്ക് കരുത്ത് പകരുന്നത്
1. ഫെബ്രുവരിയ്ക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഒരു ശതമാനം കുറച്ചത്.
2. കയറ്റുമതിയിലെ തിരിച്ചടി മറികടക്കാൻ പ്രഖ്യാപിച്ച ജി.എസ്.ടി സ്ളാബിലെ ഇളവ്
രണ്ടാം ത്രൈമാസത്തിലെ റിയൽ ജി.ഡി.പി മൂല്യം
48.63 ലക്ഷം കോടി രൂപ
രാജ്യം: വളർച്ച നിരക്ക്
ചൈന: 4.8 ശതമാനം
യു.എസ്.എ: 3.8 ശതമാനം
ജപ്പാൻ: -1.8 ശതമാനം
ജർമ്മനി: 0.3 ശതമാനം
യു.കെ: 0.1ശതമാനം